ശ്രീമുരളിയാണ് ചിത്രത്തിലെ നായകന്‍

പുതുതലമുറ മലയാളി നടന്മാരില്‍ രാജ്യം മുഴുവന്‍ അറിയപ്പെടുന്ന പേരുകാരിലൊരാളാണ് ഫഹദ് ഫാസില്‍. തെലുങ്ക് ചിത്രം പുഷ്പയും തമിഴ് ചിത്രം വിക്രവുമൊക്കെ ഇറങ്ങുന്നതിന് മുന്‍പ് ഒടിടിയിലൂടെ എത്തിയ മലയാളം ചിത്രങ്ങളിലൂടെ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലുമൊക്കെ ആരാധകരെ നേടിയിരുന്നു അദ്ദേഹം. എന്നാല്‍ പുഷ്പയുടെയും വിക്രത്തിന്‍റെയും വന്‍ വിജയത്തോടെ ആ പ്രശസ്തി വര്‍ധിക്കുകയും ചെയ്‍തു. ഇപ്പോഴിതാ തെലുങ്കിലും തമിഴിനും ശേഷം കന്നഡ സിനിമയിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഫഹദ് ഫാസില്‍.

ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ബഗീര എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിലിന്‍റെ കന്നഡ അരങ്ങേറ്റം. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് എന്നതും കൌതുകം. ഹൊംബാളെ ഫിലിംസിന്‍റെ മലയാള ചിത്രം ധൂമത്തിലും ഫഹദ് ആണ് നായകന്‍. ഈ സിനിമയുടെ ചിത്രീകരണം ഫഹദ് പൂര്‍ത്തിയാക്കിയിരുന്നു. 

ALSO READ : 'പഠാന്‍' വന്നെങ്കിലെന്ത്? മറാത്ത മന്ദിറില്‍ 'ഡിഡിഎല്‍ജെ' ഇപ്പോഴും നിറഞ്ഞ സദസ്സില്‍

ദേശീയ മാധ്യമങ്ങളിലടക്കം വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബഗീരയില്‍ ഫഹദ് അവതരിപ്പിക്കുക ഒരു സിബിഐ ഉദ്യോഗസ്ഥനെയാണ്. ശ്രീമുരളി അവതരിപ്പിക്കുന്ന നായക കഥാപാത്രവും ഒരു പൊലീസ് ഉഗ്യോഗസ്ഥനാണ്. പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ആക്ഷന്‍ ചിത്രത്തിന്‍റെ അടുത്ത ഷെഡ്യൂള്‍ ഫെബ്രുവരിയില്‍ ആരംഭിച്ചേക്കും. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് 2020 ഡിസംബറില്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. സമൂഹം ഒരു വനമായി രൂപാന്തരപ്പെടുമ്പോള്‍ ഒരേയൊരു വേട്ടമൃഗം മാത്രം നീതിക്കായി ഗര്‍ജിക്കും എന്നായിരുന്നു പോസ്റ്ററിലെ ക്യാപ്ഷന്‍. ഫസ്റ്റ് ലുക്ക് വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സിനിമയുടെ 50 ശതമാനം ചിത്രീകരണം പൂര്‍ത്തിയായെന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. ബംഗളൂരുവും മംഗളൂരുവുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. നേരത്തെ ലക്കി ഉള്‍പ്പെടെയുള്ള ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഡോ. സൂരി.