'പഠാന്‍' വന്നെങ്കിലെന്ത്? മറാത്ത മന്ദിറില്‍ 'ഡിഡിഎല്‍ജെ' ഇപ്പോഴും നിറഞ്ഞ സദസ്സില്‍
ഷാരൂഖ് ഖാന്‍റെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രം ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ കഴിഞ്ഞ 27 വര്‍ഷങ്ങളായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന തിയറ്റര്‍

ബോളിവുഡിന് വലിയ ഇടവേളയ്ക്കു ശേഷം ആശ്വാസം പകരുകയാണ് ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍. കൊവിഡിന് ശേഷം മുന്‍കാലത്തേതിന് സമാനമായ ഒരു വിജയം ബോളിവുഡിന് അന്യമായിരുന്നു, പഠാന്‍ വരുന്നത് വരെ. പഠാന്‍റെയും ഷാരൂഖ് ഖാന്‍റെയും വിജയമാണ് സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികളുടെ പ്രധാന സംസാരവിഷയം. ഇപ്പോഴിതാ കൌതുകമുള്ള ഒരു ചിത്രവും അത്തരം ചര്‍ച്ചകളില്‍ ഇടംപിടിക്കുകയാണ്. മുംബൈ സെന്‍ട്രലിലെ പ്രശസ്തമായ സിംഗിള്‍ സ്ക്രീന്‍ തിയറ്റര്‍ മറാത്ത മന്ദിറിന്‍റെ പുറംകാഴ്ചയാണ് അത്.
ഷാരൂഖ് ഖാന്‍റെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രം ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ കഴിഞ്ഞ 27 വര്‍ഷങ്ങളായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന തിയറ്റര്‍ ആണ് അത്. ആ നിലയ്ക്കാണ് അതിന്‍റെ പ്രശസ്തിയും. ദിനേന നാല് പ്രദര്‍ശനങ്ങള്‍ ഉള്ളതില്‍ 11.30 മണിക്കുള്ള നൂണ്‍ഷോ ആയാണ് ഡിഡിഎല്‍ജെ പ്രദര്‍ശിപ്പിക്കുക. മറ്റ് മൂന്ന് ഷോകളില്‍ പുതിയ റിലീസുകളും. ഷാരൂഖ് ഖാന്‍റെ എല്ലാ ചിത്രങ്ങളും ഇവിടെ റിലീസ് ചെയ്യാറുണ്ട്. ഏറ്റവും പുതിയ ചിത്രം പഠാനും. തിയറ്ററിന് പുറത്ത് പഠാന്‍റെയും ഡിഡിഎല്‍ജെയുടെയും പോസ്റ്ററുകള്‍ അടുത്തടുത്ത് പതിച്ചിരിക്കുന്നതിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് ഷാരൂഖ് ഖാന്‍റെ മാനേജര്‍ പൂജ ദദ്‍ലാനിയാണ്. ഇതാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.
വന്‍ ഹിറ്റ് ആയിരിക്കുന്ന പഠാന്‍ ഓടുമ്പോഴും മറാത്ത മന്ദിറില്‍ ഡിഡിഎല്‍ജെയ്ക്ക് നിറയെ പ്രേക്ഷകര്‍ ഉണ്ട് എന്നതാണ് അതിലും കൌതുകം. ഈ വാര്‍ത്ത തയ്യാറാക്കുമ്പോള്‍ ബുക്ക് മൈ ഷോയിലെ വിവരമനുസരിച്ച് നാളത്തെ ഷോയ്ക്ക് ഡിഡിഎല്‍ജെയുടെ ഒരു ബാല്‍ക്കണി ടിക്കറ്റ് മാത്രമാണ് അവശേഷിക്കുന്നത്.
ALSO READ : 10,637 കോടി! 2022 ലെ കളക്ഷനില്‍ വിസ്‍മയ പ്രകടനവുമായി ഇന്ത്യന്‍ ബോക്സ് ഓഫീസ്
2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണ് പഠാന്‍. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.