തന്‍റെ പേരില്‍ ഫോണ്‍കോളുകളിലൂടെ തട്ടിപ്പിന് ശ്രമമെന്ന പരാതിയുമായി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. രണ്ട് ഫോണ്‍ നമ്പരുകളില്‍ നിന്നും 'അല്‍ഫോന്‍സ് പുത്രന്‍' ആണെന്ന പേരില്‍ നിരവധി നടിമാര്‍ക്കും മറ്റു സ്ത്രീകള്‍ക്കും കോളുകള്‍ ലഭിക്കുന്നുണ്ടെന്നും തട്ടിപ്പില്‍ വീഴരുതെന്നും അല്‍ഫോന്‍സ് മുന്നറിയിപ്പ് നല്‍കുന്നു. ഈ നമ്പരുകളിലേക്ക് താന്‍ വിളിച്ചപ്പോഴും എടുത്തയാള്‍ താന്‍ 'അല്‍ഫോന്‍സ് പുത്ര'നാണെന്നാണ് പറഞ്ഞതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇതു സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ വ്യാജ കോളുകള്‍ നടത്തുന്ന രണ്ട് ഫോണ്‍ നമ്പരുകളും അല്‍ഫോന്‍സ് ചേര്‍ത്തിട്ടുണ്ട്.

"സിനിമാമേഖലയിലെ നിരവധി നടിമാര്‍ക്കും അല്ലാതെയുള്ള സ്ത്രീകള്‍ക്കുമൊക്കെ ഈ നമ്പരുകളില്‍ നിന്ന് കോളുകള്‍ പോയിട്ടുണ്ട്. ഇതറിഞ്ഞിട്ട് ഈ നമ്പരുകളിലേക്ക് ഞാന്‍ വിളിച്ചിരുന്നു, അപ്പോഴും കോള്‍ എടുത്തിട്ട് പുള്ളി അവകാശപ്പെട്ടത് താന്‍ അല്‍ഫോന്‍സ് പുത്രനാണ് എന്നായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഞാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതിനാല്‍ സമാനമായ കോളുകള്‍ നിങ്ങള്‍ക്കും ലഭിച്ചാല്‍ കരുതിയിരിക്കുക. നിങ്ങളെ വിഡ്ഢിയാക്കാന്‍ അയാളെ അനുവദിക്കരുത്. ഇത്തരത്തിലുള്ള കോള്‍ ലഭിച്ചാല്‍ വ്യക്തിപരമായ യാതൊരു വിവരങ്ങളോ ഫോട്ടോയോ വീഡിയോയോ നല്‍കരുത്. അതൊരു തട്ടിപ്പാണെന്ന് മനസിലാക്കുക", അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം 'പ്രേമ'ത്തിനു ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. 'പാട്ട്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകന്‍. ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നതും അല്‍ഫോന്‍സ് തന്നെയാണ്. യുജിഎം എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.