Asianet News MalayalamAsianet News Malayalam

അവസാന നാളുകളില്‍ കെ ജി ജോർജിനെ ഉപേക്ഷിച്ചെന്ന പ്രചാരണം; പ്രതികരിച്ച് കുടുംബ സുഹൃത്ത്

മികച്ച ചികിത്സ കിട്ടാനാണ് കെ ജി ജോർജിനെ വയോജന കേന്ദ്രത്തിലാക്കിയത്. അദ്ദേഹത്തിന്റെ കൂടി താൽപര്യം പരിഗണിച്ചാണ് ഇത് ചെയ്തതെന്നും കെ ജി ജോർജിന്‍റെ കുടുംബം പറയുന്നു.

family denied  allegation that abandoned Malayalam filmmaker K G George nbu
Author
First Published Sep 26, 2023, 5:23 PM IST

കൊച്ചി: ഇതിഹാസ സംവിധായകന്‍ കെ ജി ജോർജിനെ അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ ഉപേക്ഷിച്ചെന്ന പ്രചാരണം നിഷേധിച്ച് കുടുംബം. മികച്ച ചികിത്സ കിട്ടാനാണ് കെ ജി ജോർജിനെ വയോജന കേന്ദ്രത്തിലാക്കിയത്. അദ്ദേഹത്തിന്റെ കൂടി താൽപര്യം പരിഗണിച്ചാണ് ഇത് ചെയ്തതെന്നും കെ ജി ജോർജിന്‍റെ കുടുംബം പറയുന്നു. കെ ജി ജോർജിനെ കുടുംബം നന്നായി നോക്കിയെന്നും കുടുംബ സുഹൃത്ത് റെജി ഭാസ്കർ പ്രതികരിച്ചു. കുടുംബത്തിന് വേണ്ടി അവരുടെ ആവശ്യപ്രകാരമാണ് താൻ സംസാരിക്കുന്നതെന്നും റെജി ഭാസ്കർ കൂട്ടിച്ചേര്‍ത്തു. 

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 24 നാണ് കെ ജി ജോർജ് അന്തരിച്ചത്. കാക്കനാട്ടെ   വയോജന കേന്ദ്രത്തിൽ ആയിരുന്നു അന്ത്യം. നെല്ലിന്റെ തിരക്കഥാകൃത്തായിട്ടാണ് അദ്ദേഹം സിനിമയില്‍ പേരെടുക്കുന്നത്. സ്വപ്‍നാടനത്തിലൂടെ കെ ജി ജോര്‍ജ് സംവിധായകനായി അരങ്ങേറി. സ്വപ്‍നാടനം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. മലയാളത്തിന്റെ ക്ലാസിക്കായ യവനികയിലൂടെ ആയിരുന്നു ആദ്യ സംസ്ഥന പുരസ്‍കാരം. നാല്‍പത് വര്‍ഷത്തിനിടെ 19 സിനിമകള്‍ സംവിധാനം ചെയ്‍തിട്ടു. പല തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

Also Read: 'ഞാൻ ഗോവയില്‍ സുഖവാസത്തിന് പോയതല്ല', ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ ജി ജോര്‍ജിന്റെ ഭാര്യ

ഒന്നിനൊന്ന് വ്യത്യസ്‍തമായ പ്രമേയങ്ങളായിരുന്നു ജോര്‍ജിന്റെ സിനിമകളുടെ പ്രത്യേകത. വര്‍ത്തമാന സാമൂഹ്യ രാഷ്‍ട്രീയ വിഷയങ്ങള്‍ സിനിമയിലേക്ക് വിജയകരമായി സന്നിവേശിപ്പിക്കാൻ കെ ജി ജോര്‍ജിന് സാധിച്ചിരുന്നു. കാലാവര്‍ത്തിയായി നിലനില്‍ക്കുന്നതാണ് ജോര്‍ജിന്റെ ഓരോ സിനിമാ പരീക്ഷണവും. പ്രമേയത്തിലും ആഖ്യാനത്തിലും പുതുമകള്‍ കൊണ്ടുവന്ന സംവിധായകരില്‍ രാജ്യത്ത് ഒന്നാം നിരയിലായിരിക്കും കെ ജി ജോര്‍ജിന്റെ സ്ഥാനം.

ഗായികയും പപ്പുക്കുട്ടി ഭാഗവതരുടെ മകളുമായ സല്‍മയാണ് ഭാര്യ. കെ ജി ജോര്‍ജിന്റെ തന്നെ സിനിമയായ ഉൾക്കടലിലെ ശരദിന്ദു മലർദീപ നാളം നീട്ടി എന്ന ഗാനം ആലപിച്ചത് സല്‍മയാണ്. അരുണ്‍, താര എന്നിവരാണ് മക്കള്‍.

Follow Us:
Download App:
  • android
  • ios