സാമന്തയുടെ പ്രതിമയുടെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സാമന്ത. ഒരു ആരാധകൻ താരത്തിന്റെ അമ്പലം നിര്‍മിച്ചുവെന്നാണ് പുതിയ വാര്‍ത്ത. ആന്ധ്രാപ്രദേശുകാരനായ ആരാധകൻ തെന്നാലി സന്ദീപാണ് സ്വന്തം ഗ്രാമമായ ആലപ്പാടില്‍ സാമന്തയ്‍ക്കായി അമ്പലം നിര്‍മിച്ചത്. സാമന്തയുടെ പ്രതിമ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ് ഇപ്പോള്‍.

സാമന്തയുടെ ജന്മദിനത്തിലാണ് താരത്തിന്റെ ആരാധകൻ അമ്പലം തുറന്നത്. മയോസിറ്റിസ് ബാധിച്ച താരത്തിന് വേണ്ടി പ്രാര്‍ഥിക്കാൻ നേരത്തെ സന്ദീപ് തീര്‍ഥയാത്ര നടത്തുകയും ചെയ്‍തിരുന്നു. സാമന്തയുടെ കരിയറിന്റെ തുടക്കം മുതലേ താൻ കടുത്ത ആരാധകനായിരുന്നുവെന്ന് സന്ദീപ് വ്യക്തമാക്കുന്നു. സാമന്തയുടെ ദയാവായ്‍പ് തന്നെ വളരെ ആകര്‍ഷിച്ചിരുന്നുവെന്നും നിരവധി കുടുംബങ്ങളെ നടി സഹായിച്ചിട്ടുണ്ടെന്നും സന്ദീപ് വ്യക്തമാക്കുന്നു.

'ശാകുന്തളം' എന്ന ചിത്രമാണ് സാമന്തയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത 'ശകുന്തള'യായപ്പോള്‍ 'ദുഷ്യന്തൻ' മലയാളത്തിന്റെ യുവ താരം ദേവ് മോഹനായിരുന്നു. സാമന്ത നായികയായ ചിത്രം 'ശാകുന്തള'ത്തിന് തിയറ്ററില്‍ മികച്ച പ്രതികരണം നേടാനായിരുന്നില്ല. ഗുണശേഖര്‍ ആണ് ചിത്രത്തിന്റെ സംവിധാനം.

വിജയ് ദേവെരകൊണ്ടയുടെ നായികയായി തെലുങ്കിലും ഒരു പ്രധാന പ്രൊജക്റ്റ് സാമന്തയുടേതായിട്ടുണ്ട്. ശിവ നിര്‍വാണ സംവിധാനം ചെയ്‍ത 'ഖുഷി' എന്ന ചിത്രമാണ് സാമന്തയുടേതായി ചിത്രീകരിക്കാനുള്ളത്. 'ഖുഷി' എന്ന ചിത്രത്തിന്റെ തിരക്കഥയും ശിവ നിര്‍വാണയുടേത് തന്നെ. സാമന്തയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്. ജയറാമും വിജയ് ദേവെരകൊണ്ടയ്‍ക്കൊപ്പം പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. 'ഹൃദയം' എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായി മാറിയ ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.

Read More: പ്രഭാസ്- കൃതി സനോണ്‍ ചിത്രം 'ആദിപുരുഷ്', പുതിയ പോസ്റ്ററുകള്‍ പുറത്ത്