അഭിനന്ദനം അറിയിച്ച പല ട്വീറ്റുകള്‍ക്ക് അടിയിലും ആരാധകര്‍ ചോദിക്കുന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നേരത്തെ ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ചെന്ന് പറഞ്ഞ് ആഘോഷിച്ച പടങ്ങള്‍ എവിടെ എന്നതാണ് പ്രധാന ചോദ്യം.
ഹോളിവുഡ്: 95-ാമത് അക്കാദമി അവാര്‍ഡ് പുരസ്കാരങ്ങള്‍ക്കായുള്ള ഫൈനല്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചപ്പോള്‍ അത് ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാന മുഹൂര്‍ത്തമായി. ഇന്ത്യന്‍ സിനിമാപ്രേമികളില്‍ പ്രതീക്ഷ ഇരട്ടിപ്പിച്ച് എസ് എസ് രാജമൌലി ചിത്രം ആര്‍ആര്‍ആറിന് മികച്ച ഒറിജിനല്‍ സോംഗിനുള്ള നോമിനേഷന്‍ ലഭിച്ചു. നേരത്തെ ഗോള്‍ഡന്‍ ഗ്ലോബില്‍ ഇതേ പുരസ്കാനം നേടിയ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് നോമിനേഷന്‍. ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിര്‍ദേശമായിരുന്ന ഗുജറാത്തി ചിത്രം ദ് ചെല്ലോ ഷോ അന്തിമപട്ടികയില്‍ നിന്ന് പുറത്തായപ്പോള്‍ ഇന്ത്യന്‍ പ്രാതിനിധ്യമുള്ള രണ്ട് ഡോക്യുമെന്‍ററികള്‍ ഇത്തവണത്തെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സിനിമ രംഗത്തെ നിരവധി പ്രമുഖര്‍ ആര്‍ആര്‍ആര്‍ സിനിമയെയും അണിയറക്കാരെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. പ്രഖ്യാപനങ്ങൾക്ക് ശേഷം ഫർഹാൻ അക്തർ, കരൺ ജോഹർ, മധുര് ഭണ്ഡാർക്കർ എന്നിവർ ആർആർആർ ടീമിന് ഊഷ്മളമായ ആശംസകൾ അറിയിച്ചിരുന്നു. വിവിധ സിനിമ രംഗത്ത് നിന്നുള്ളവരും ആദരവുമായി എത്തി.
ഇത്തരത്തില്‍ അഭിനന്ദനം അറിയിച്ച പല ട്വീറ്റുകള്‍ക്ക് അടിയിലും ആരാധകര്‍ ചോദിക്കുന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നേരത്തെ ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ചെന്ന് പറഞ്ഞ് ആഘോഷിച്ച പടങ്ങള്‍ എവിടെ എന്നതാണ് പ്രധാന ചോദ്യം. അതില്‍ പലരും ചോദിക്കുന്നത് കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെ കുറിച്ചാണ്. ഇതിന്‍റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിയെ ടാഗ് ചെയ്തും ചോദ്യം ഉയരുന്നുണ്ട്.
നേരത്തെ ജനുവരി 10ന് ഓസ്കാര്‍ അവാര്‍ഡ് നല്‍കുന്ന അക്കാദമി അവസാന നോമിനേഷനുകള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഓസ്കാര്‍ 'റിമൈന്‍റര്‍ ലിസ്റ്റ്' പുറത്തുവിട്ടിരുന്നു. ഇതില്‍ ഇന്ത്യയില്‍ നിന്നും ആർആർആർ, ദ് കശ്മീർ ഫയൽസ്, കാന്താര, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ, റോക്കട്രി എന്നീ ചിത്രങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ഇത് ഓസ്കാര്‍ നോമിനേഷന്‍ എന്ന നിലയില്‍ ഇതിന്‍റെ അണിയറക്കാര്‍ വലിയ ആഘോഷമാക്കുകയും സോഷ്യല്‍ മീഡിയ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.
ഋഷഭ് ഷെട്ടിയുടെ 'കാന്താര' മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിൽ ആണ് മത്സരിക്കുന്നത് എന്നാണ് അതിന്‍റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് ട്വീറ്റിലൂടെ അറിയിച്ചത്. ദ കശ്മീര്‍ ഫയല്‍ സംവിധായകന്‍ വിവേക് അഗ്നിഹോത്രി കശ്മീര്‍ ഫയല്‍സ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടുവെന്നും. ഫസ്റ്റ്ലിസ്റ്റില്‍ 5 ഇന്ത്യന്‍ സിനിമകള്‍ ഉണ്ടെന്നും പറഞ്ഞു.
കശ്മീര്‍ ഫലയല്‍സിന്‍റെ ഈ നേട്ടം വിവരിച്ച് എഎന്‍ഐയോട് സംസാരിച്ച് അനുപം ഖേര്‍ പടത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവ ജൂറിക്ക് അടക്കമുള്ള ഉത്തരമാണ് ഈ പടമെന്ന് അഭിപ്രായപ്പെടുകയും ഉണ്ടായി. ഈ ചിത്രത്തിലെ മറ്റൊരു നടനായ മിഥുന്‍ ചക്രബര്‍ത്തിയും ഇതേ അഭിപ്രായം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ യഥാര്‍ത്ഥ നോമിനേഷന്‍ വന്നതോടെ ഈ ചിത്രങ്ങള്‍ ലിസ്റ്റില്‍ ഇല്ലാതയതാണ് ഇപ്പോള്‍ ചോദ്യം ഉയരാന്‍ കാരണം. ഇത് ട്വീറ്റുകളായി സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്.
എന്നാല്‍ നേരത്തെ തന്നെ പലരും ഈ ആഘോഷത്തില്‍ കാര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഫൈനല്‍ വോട്ടിംഗിന് അര്‍ഹരായ അക്കാദമി അംഗങ്ങള്‍ക്കായുള്ള സിനിമകളുടെ പട്ടികയാണ് റിമൈൻഡർ ലിസ്റ്റ്. കൂടാതെ വിവിധ വിഭാഗങ്ങളില്‍ ഓസ്കാര്‍ അവാര്‍ഡിന് നോമിനേഷനുകൾക്ക് അർഹതയുള്ള ചിത്രങ്ങളുമായി ഇതിനെ കണക്കിലെടുക്കാം. അന്തിമ നാമനിർദ്ദേശ പട്ടിക പുറത്തുവരുന്നതോടെ ഇതില്‍ വലിയൊരു വിഭാഗം ചിത്രങ്ങളും പുറത്താകും.
എന്നാല്‍ റിമൈൻഡർ ലിസ്റ്റിൽ ഉള്‍പ്പെട്ടതിനാല്‍ ഒരു ചിത്രം അവസാന നോമിനേഷനിൽ എത്തണം എന്ന് നിര്‍ബന്ധമില്ല. പലപ്പോഴും ഇന്ത്യന്‍ ചിത്രങ്ങള്‍ ഈ ലിസ്റ്റില്‍ വാരാറുണ്ട്. കഴിഞ്ഞ വര്‍ഷം ലിസ്റ്റില്‍ സൂര്യ നായകനായ ചിത്രം ജയ് ഭീം (2021) ഇടം പിടിച്ചിരുന്നു. സൂര്യ തന്നെ അഭിനയിച്ച ശൂരറൈ പോട്ര് (2020) എന്ന ചിത്രം അതിന് മുന്‍പുള്ള വര്‍ഷം ഈ ലിസ്റ്റില്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ നിന്നുള്ള മോഹന്‍ലാല്‍ നായകനായ മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹവും ഇത്തരത്തില്‍ ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു.
ഓസ്‍കര്‍ നേട്ടത്തിലേക്ക് അടുത്ത് ആര്‍ആര്‍ആര്‍; ഫൈനല്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു
ഞാന്‍ സിനിമ എടുക്കുന്നത് അവാര്‍ഡിന് വേണ്ടിയല്ല, പണത്തിന് വേണ്ടി: എസ്എസ് രാജമൗലി
