സീതാ രാമത്തിൽ ദുൽഖറിന് ഒപ്പം മൃണാൾ താക്കൂറും രശ്മിക മന്ദാനയുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
യുവതാരം ദുൽഖർ സൽമാൻ(Dulquer Salmaan) നായകനായി എത്തിയ ചിത്രം 'സീതാ രാമം' തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ദുൽഖറിന്റെ കരിയറിലെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സിതാരാമം. തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായിരുന്നു റിലീസ്. ഹനു രാഘവപുടി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മികച്ച ഒരു പ്രണയകാവ്യമെന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ വിലയിരുത്തുന്നത്. ഇപ്പോഴിതാ പ്രണയ സിനിമകൾ വീണ്ടും ചെയ്യണമെന്ന് ദുൽഖറിനോട് ആവശ്യപ്പെടുകയാണ് സിനിമാസ്വാദകർ.
സിനിമ റിലീസ് ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇനി പ്രണയചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് ദുൽഖർ വെളിപ്പെടുത്തിയത്. തന്റെ അവസാനത്തെ പ്രണയചിത്രമായിരിക്കും സീതാ രാമം എന്നായിരുന്നു ട്രെയിലർ ലോഞ്ചിന്റെ സമയത്ത് ദുൽഖർ പറഞ്ഞത്. എന്നാൽ, സീതാ രാമം കണ്ടിറങ്ങിയ പ്രേക്ഷകർ ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത് ദുൽഖർ ഇനിയും പ്രണയസിനിമകൾ ചെയ്യണമെന്നാണ്. സോഷ്യൽ മീഡിയയിൽ ഇക്കാര്യം ഉന്നയിച്ചുള്ള ക്യാംപെയ്ന്‍
ശക്തമായിരിക്കുകയാണ്. #WeWantRomanticDQ #DoOneMoreLoveStory #LoveToSeeRomanticDQ, #DulquerSalmaanTheRomanticHero #RomanticIndianHero എന്നീ ഹാഷ് ടാഗുകളിലാണ് കാംപയിൻ.
സീതാ രാമത്തിൽ ദുൽഖറിന് ഒപ്പം മൃണാൾ താക്കൂറും രശ്മിക മന്ദാനയുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിലെ മനോഹരമായ പാട്ടുകളും ദൃശ്യങ്ങളും പ്രേക്ഷകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കിയിരിക്കുകയാണ്. അഫ്രീൻ എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന ചിത്രത്തിൽ എത്തുന്നത്. മൃണാൾ താക്കൂർ ആണ് സീതയായി എത്തിയത്. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ സൽമാൻ എത്തുന്ന ചിത്രം കാശ്മീർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. സുമന്ത്, ഭൂമിക ചൗള, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ജിഷു സെൻഗുപ്ത, സച്ചിൻ ഖേദേക്കർ, ശത്രു, മുരളി ശർമ്മ, വെണ്ണല കിഷോർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.
വേൾഡ് വൈഡ് റിലീസായ ചിത്രത്തിന് യുഎസിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. യുഎസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള താരം എന്ന റെക്കോർഡ് കൂടി ദുൽഖർ കരസ്ഥമാക്കിയിരിക്കുകയാണ്. യു എസ് പ്രീമിയറുകളിൽ നിന്നടക്കം 21,00,82 ഡോളർ (1.67 കോടിയിലേറെ) ആണ് ആദ്യദിനം സീതാരാമം കരസ്ഥമാക്കിയത്.
വിശാല്‍ ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പി.എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറിലാണ് നിർമാണം. സ്വപ്‌ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സുനില്‍ ബാബുവാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍, കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വൈഷ്ണവി റെഡ്ഡി, ഫൈസല്‍ അലി ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ്. കോസ്റ്റിയൂം ഡിസൈനര്‍ ശീതള്‍ ശര്‍മ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗീതാ ഗൗതം.
