കൊവിഡ് 19ന് എതിരെയുള്ള പോരാട്ടത്തിലാണ് രാജ്യം. കൊവിഡിന്റെ വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണിലുമാണ്. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ വകവയ്‍‍ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം ജീവിതപ്രതിസന്ധി നേരിടുന്ന ഒട്ടേറെപ്പേരുണ്ട്. ബുദ്ധിമുട്ടുണ്ടാകുന്നവര്‍ക്ക് ഭക്ഷണം നല്‍കാൻ ചിത്രം വരച്ച് പണം കണ്ടെത്തുകയാണ് സംവിധായിക ഫറാ ഖാന്റെ പന്ത്രണ്ടുകാരിയായ മകള്‍ അന്യ.

വളര്‍ത്തുമൃഗങ്ങളുടെ ചിത്രം വരച്ച് അത് വിറ്റാണ് അന്യം പണം കണ്ടെത്തുന്നത്. ഇക്കാര്യം ഫറാ ഖാൻ തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്. ഒട്ടേറെപ്പേരാണ് കുട്ടിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. എന്റെ 12 വയസ്സ് പ്രായമുള്ള അന്യ അഞ്ച് ദിവസത്തിനുള്ളിൽ 70,000 രൂപ സമാഹരിച്ചു,  വളർത്തുമൃഗങ്ങളെ വരച്ച്  ഒന്നിന് 1000 രൂപയ്‍ക്ക് നല്‍കിയാണ് പണം കണ്ടെത്തിയത്. പണം ദാരിദ്യമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം നൽകാൻ ഉപയോഗിക്കുന്നു. ചിത്രങ്ങള്‍ ഓർഡർ ചെയ്‍ത എല്ലാവര്‍ക്കും നന്ദിയെന്നും ഫറാ ഖാൻ എഴുതിയിരിക്കുന്നു.