Asianet News MalayalamAsianet News Malayalam

വിഖ്യാത അര്‍ജന്‍റൈന്‍ സംവിധായകന്‍ ഫെര്‍ണാന്‍ഡോ സൊളാനസ് അന്തരിച്ചു

തനിക്കും ഭാര്യ ഏയ്ഞ്ചല കൊറിയക്കും കൊവിഡ് ബാധിച്ചതായി കഴിഞ്ഞ മാസം 16ന് ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചിരുന്നു. 

fernando solanas passed away
Author
Thiruvananthapuram, First Published Nov 7, 2020, 4:42 PM IST

വിഖ്യാത അര്‍ജന്‍റൈന്‍ ചലച്ചിത്ര സംവിധായകനും മുന്‍ സെനറ്ററുമായ ഫെര്‍ണാന്‍ഡോ ഇ സൊളാനസ് (84) അന്തരിച്ചു. നിലവില്‍ യുനെസ്കോയിലേക്കുള്ള അര്‍ജന്‍റീനയുടെ അംബാസിഡറുമായിരുന്നു അദ്ദേഹം. പാരീസില്‍ ആയിരുന്ന അദ്ദേഹത്തിനെ കൊവിഡ് ബാധയെത്തുടര്‍ന്ന് ഏതാനും ദിവസത്തിന് മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെവച്ചാണ് മരണം. അര്‍ജന്‍റൈന്‍ വിദേശകാര്യ മന്ത്രാലയമാണ് സംവിധായകന്‍റെ മരണവാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്. 2019ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം സൊളാനസിനായിരുന്നു. പുരസ്കാരം സ്വീകരിക്കാന്‍ അദ്ദേഹം നേരിട്ടെത്തിയിരുന്നു. 

തനിക്കും ഭാര്യ ഏയ്ഞ്ചല കൊറിയക്കും കൊവിഡ് ബാധിച്ചതായി കഴിഞ്ഞ മാസം 16ന് ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചിരുന്നു. പാരീസിലെ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യവും അന്നദ്ദേഹം പങ്കുവച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമാണെങ്കിലും താന്‍ രോഗത്തെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചിരുന്നു.

ബ്യൂണസ് അയേഴ്സില്‍ 1936ല്‍ ജനിച്ച അദ്ദേഹം 'ല ഹൊറ ഡെ ലോസ് ഹോര്‍നോസ്' എന്ന ഡോക്യുമെന്‍ററിയിലൂടെയാണ് സംവിധായകനായി അരങ്ങേറുന്നത്. മൂന്നാംലോക രാജ്യങ്ങളുടെ പ്രതിരോധവും ക്യാപിറ്റലിസ്റ്റ് ക്രമത്തോടുള്ള എതിര്‍പ്പുമെല്ലാമടങ്ങുന്ന രാഷ്ട്രീയവ്യക്തതയായിരുന്നു സൊളാനസിന്‍റെ സിനിമകളുടെ പ്രത്യേകത. സുര്‍, ടാംഗോസ്- എക്സൈല്‍ ഓഫ് ഗ്രേഡല്‍, ദി ജേണി എന്നിവ ഏറെ ശ്രദ്ധേയ സിനിമകളാണ്. ലോകത്തിലെ പ്രധാന ചലച്ചിത്രോത്സവങ്ങളായ കാനിലും വെനീസിലും ബെര്‍ലിനിലുമടക്കം അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ പ്രധാന പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios