Asianet News MalayalamAsianet News Malayalam

അതിഥി തൊഴിലാളികളെ നാട്ടില്‍ നിന്ന് ഓടിക്കണം; വിവാദ പരാമര്‍ശവുമായി രാജസേനൻ

അതിഥി തൊഴിലാളികള്‍ നാടിന് ആപത്താണെന്ന് സംവിധായകൻ രാജസേനൻ.

film director Rajasenans controversial statement against other state labours
Author
THIRUVANANTHAPURAM, First Published Mar 30, 2020, 11:10 AM IST

അതിഥി തൊഴിലാളികള്‍‌ക്ക് എതിരെ വിവാദ പരാമര്‍ശവുമായി സംവിധായകൻ രാജസേനൻ. അതിഥി തൊഴിലാളികള്‍ നാടിന് ആപത്താണ് എന്നാണ് രാജസേ,നൻ പറയുന്നത്. മുഖ്യമന്ത്രിയോടുള്ള അപേക്ഷയായിട്ടാണ് രാജസേനൻ ഇക്കാര്യം പറയുന്നത്. എത്രയും പെട്ടന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ ഈ നാട്ടിൽ നിന്ന് ഓടിക്കണമെന്നാണ് രാജസേനൻ പറയുന്നത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് രാജസേനന്റെ പ്രതികരണം.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞതനുസരിച്ച്  മലയാളി എല്ലാ നഷ്‍ടങ്ങളും സഹിച്ച് 21 ദിവസം വീട്ടിനുള്ളിൽ അടച്ച് ഇരിക്കുകയാണ്. അപ്പോഴാണ് ഒരു സംഘം ആളുകള്‍ ഭക്ഷണമില്ല, വെള്ളമില്ല എന്നൊക്കെ പറഞ്ഞ് സമരം ചെയ്യാൻ തുടങ്ങിയത്. അവരെ നമ്മൾ മുമ്പ് വിളിച്ചിരുന്നത് അന്യസംസ്ഥാന തൊഴിലാളികൾ എന്നാണ്. എന്നാൽ പെട്ടന്ന് ചില ചാനലുകൾ ഇവരെ അതിഥി തൊഴിലാളികൾ ആക്കി. അതിഥി എന്ന വാക്കിന്റെ അർഥം അവിചാരിതമായി വീട്ടിൽ വരുന്ന വിരുന്നുകാരെയാണ്. അതിഥികളെ വീട്ടിലേയ്ക്കു ക്ഷണിക്കുന്നത് ശമ്പളം കൊടുത്തിട്ടാണോ? ഇവരെ മറ്റു ചിലകാര്യങ്ങൾക്കു വേണ്ടി നമ്മുടെ നാട്ടിലെ ചിലർ ഉപയോഗിക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പ്രത്യേകിച്ച് പൗരത്വബില്ലിനെതിരെ ഇവർ നടത്തിയ സമരം, ഇന്നലെ ഇവർ കാട്ടിക്കൂട്ടിയത്. ഇത്രയും ജാഗ്രതയോടെ വൃതം പോലെ എല്ലാവരും വീട്ടിലിരിക്കുമ്പോൾ അതിനെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു ഇവരുടെ കോപ്രായങ്ങൾ. അവരുടെ ലക്ഷ്യം ആഹാരവും വെള്ളവും ഒന്നുമല്ല, മറ്റെന്തോ ആണ്. 

ഒരു പത്തുവർഷം മുമ്പ് നമ്മുടെ നാട്ടിലെ ഏത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാലും ഒരസുഖവും വരില്ലായിരുന്നു. എന്നാൽ ഈ അന്യസംസ്ഥാന തൊഴിലാളികളെ ഹോട്ടലിൽ കയറ്റിയതോടു കൂടി ഹോട്ടലിന്റെ അന്തരീക്ഷം വൃത്തിഹീനമായി മാറി. കാരണം ഇവർക്ക് തുച്ഛമായ ശമ്പളം മതി. ഓരോ മലയാളിയുടെയും തൊഴിൽ സാധ്യതയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്, അത് മറക്കരുത്.

എനിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരപേക്ഷ ഉണ്ട്. ദയവായി അങ്ങ് ഇവരെ ഇവിടെ നിന്നു പുറത്താക്കണം. അതിന് ഇതിലും നല്ല സന്ദർഭം ഇനി കിട്ടില്ല. അങ്ങയുടെ കൂടെ ഉള്ള ചിലരെങ്കിലും അങ്ങയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടാകാം. വീണ്ടും അപേക്ഷിക്കുകയാണ് ദയവായി പുറത്താക്കൂ.

അന്യസംസ്ഥാന തൊഴിലാളികൾ നാടിന് ആപത്താണെന്ന് പല വേദികളിലും ഇതിനു മുമ്പും ഞാൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അത് സത്യമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. എത്രയും പെട്ടന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ ഈ നാട്ടിൽ നിന്നും ഓടിക്കണം. ഇതൊരു അപേക്ഷയായി എടുത്ത് അങ്ങ് ചെവിക്കൊള്ളണമെന്ന് താഴ്‍മയായി അപേക്ഷിക്കുന്നുവെന്നും രാജസേനൻ പറയുന്നു.
 

Follow Us:
Download App:
  • android
  • ios