Asianet News MalayalamAsianet News Malayalam

'നഷ്ട പ്രണയത്തിന്റെ തീച്ചൂളയിൽ അയാൾ ആറാടുകയാണ്': സന്തോഷ് വർക്കിയെ കുറിച്ച് അഖിൽ മാരാർ

സന്തോഷിനെ കുറിച്ച് സംവിധായകൻ അഖിൽ മാരാർ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

film maker akhil maarar facebook post about santhosh varkey
Author
Kochi, First Published Aug 5, 2022, 8:18 PM IST

റാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വര്‍ക്കി. അടുത്തിടെ നടി നിത്യ മേനനെ(Nithya Menen)  പ്രണയിക്കുന്നുവെന്ന് പറഞ്ഞ് ഇയാൾ രം​ഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി നിത്യയും എത്തി. വര്‍ഷങ്ങളായി സന്തോഷ് ശല്യം ചെയ്ത് കഷ്ടപ്പെടുത്തിയെന്നും തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചുവെന്നും നിത്യ പറഞ്ഞിരുന്നു. പിന്നാലെ താൻ വിളിച്ചിട്ട് ഒരിക്കൽ പോലും നിത്യ ഫോൺ എടുത്തില്ലെന്നും ശല്യമാണെന്ന് പറഞ്ഞ് മെസേജ് ഇട്ടതിന് ശേഷം അവരുടെ പുറകെ പോയിട്ടില്ലെന്നും സന്തോഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോഴിതാ സന്തോഷിനെ കുറിച്ച് സംവിധായകൻ അഖിൽ മാരാർ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

'നിങ്ങളുടെ ലക്ഷ്യം ഉറച്ചതാണെങ്കിൽ അതിലേക്ക് എത്തിചേരാൻ ആത്മാർഥമായി നിങ്ങൾ പരിശ്രമിച്ചാൽ ഈ പ്രകൃതി നിങ്ങൾക്കായി ഗൂഢാലോചന നടത്തും', എന്ന ആൽകെമിസ്റ്റിലെ വരികളെ ഉദ്ധരിച്ച് കൊണ്ടാണ് അഖിൽ സന്തോഷിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവച്ചത്. കഥ പറയാൻ നിത്യമേനോനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് നടക്കാതെ പോകുന്ന സംവിധായകർക്കിടയിൽ സന്തോഷ് വർക്കി തന്റെ പ്രണയം അറിയിക്കാൻ അവരെ മുപ്പതിൽ അധികം നമ്പറിൽ നിന്നായി ബന്ധപ്പെടുന്നു. 6 വർഷങ്ങൾക്ക് മുൻപ് തന്നെ ശല്യം ചെയ്ത ഒരു കീടത്തെ തന്നെക്കാൾ കൂടുതൽ ജനം തിരിച്ചറിയുന്ന ഒരു കാലത്തേക്ക് ഈശ്വരൻ കൊണ്ട് ചെന്നെത്തിക്കും എന്ന് നിത്യ സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല. അതെ ഇന്ന് സന്തോഷിന്റെ പ്രണയം കേരളം അറിയുന്നുവെന്ന് അഖിൽ കുറിക്കുന്നു. 

അഖിൽ മാരാരുടെ വാക്കുകൾ

ആഗ്രഹത്തിനൊക്കെ ഒരു പരിധിയില്ലെടെ എന്ന് നമുക്കു ചോദിക്കാം..

ഇവന് തലയ്ക്ക് വെളിവില്ല എന്ന് ആക്ഷേപിക്കാം..

ഇവനെ ഒക്കെ എന്തിനാണ് ഇങ്ങനെ പൊക്കി കൊണ്ട് നടക്കുന്നതെന്ന് പറഞ്ഞു പുച്ഛിക്കാം..

പക്ഷെ ഞാൻ ഇയാളെക്കുറിച്ചു നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത്

ആൽക്കെമിസ്റ്റ്  എന്ന പുസ്തകത്തിലെ പ്രസിദ്ധമായ വരികൾ ആണ്..

നിങ്ങളുടെ ലക്ഷ്യം ഉറച്ചതാണെങ്കിൽ അതിലേക്ക് എത്തിചേരാൻ ആത്മാർഥമായി നിങ്ങൾ പരിശ്രമിച്ചാൽ ഈ പ്രകൃതി നിങ്ങൾക്കായി ഗൂഢാലോചന നടത്തും...

സ്വന്തം ശരീര സൗന്ദര്യത്തെ കുറിച്ചു സ്വയ ബോധമുള്ള ഒരു പുരുഷൻ സ്വന്തം നാട്ടിലെ സുന്ദരിയായ ഒരു പെണ്ണിനെ പ്രേമിക്കാൻ പോലും ഭയക്കുന്ന കാലത്തു അതി സുന്ദരിയായ തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു നടിയെ അയാൾ പ്രണയിക്കുന്നു..പ്രണയിച്ചിട്ടു വെറുതെ ഇരുന്നില്ല ..അയാൾ അവളെ തേടി എത്തിച്ചേരാൻ പ്രയാസമുള്ള ഇടങ്ങളിൽ പോലും നേരിൽ ചെല്ലുന്നു..

അസഹിഷ്ണുതയോടെ ഒഴിവാക്കിയിട്ടും അയാൾ വീണ്ടും തന്റെ പരിശ്രമം തുടരുന്നു...

കഥ പറയാൻ നിത്യമേനോനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് നടക്കാതെ പോകുന്ന സംവിധായകർക്കിടയിൽ സന്തോഷ് വർക്കി തന്റെ പ്രണയം അറിയിക്കാൻ അവരെ മുപ്പതില്‍ അധികം നമ്പറിൽ നിന്നായി ബന്ധപ്പെടുന്നു..

'അവൾ എന്നെ അർഹിക്കുന്നില്ല': നിത്യ മേനൻ പല കാര്യങ്ങളും അറിയാതെയാണ് സംസാരിക്കുന്നതെന്ന് സന്തോഷ് വർക്കി

ഒഴിവാക്കപ്പെടും എന്നുറപ്പുണ്ടായിട്ടും അയാൾ നിത്യ മേനോന്റെ അച്ഛനെയും അമ്മയെയും ബന്ധപ്പെടുന്നു..

6 വർഷങ്ങൾക്ക് മുൻപ് തന്നെ ശല്യം ചെയ്ത ഒരു കീടത്തെ തന്നെക്കാൾ കൂടുതൽ ജനം തിരിച്ചറിയുന്ന ഒരു കാലത്തേക്ക് ഈശ്വരൻ കൊണ്ട് ചെന്നെത്തിക്കും എന്ന് നിത്യ സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല..

അതെ ഇന്ന് സന്തോഷിന്റെ പ്രണയം കേരളം അറിയുന്നു..അയാളെ മലയാളികൾ ഒന്നടങ്കം തിരിച്ചറിയുന്നു..

ഓണ്ലൈൻ മാധ്യമങ്ങൾ മാറിയും തിരിഞ്ഞും അയാളുടെ അഭിമുഖങ്ങൾ എടുക്കുന്നു....

ആറാട്ട് പോലൊരു ദുരന്തത്തിൽ മോഹൻലാൽ ആറാടി എന്നൊക്കെ പറഞ്ഞത് കേട്ടപ്പോൾ കക്ഷി ഒരു മമ്മൂട്ടി ഫാൻ ആണെന്നാണ് എനിക്ക് തോന്നിയത്..മോഹൻലാൽ എന്ന അസാമാന്യ പ്രതിഭയെ അധിക്ഷേപിച്ച പോലെയാണ് എനിക്ക്‌ആ അഭിപ്രായം തോന്നിയത്..അന്നയാൾ താരാരാധന മൂത്ത ഒരു വിഡ്ഢി എന്നാണ് ഞാൻ ചിന്തിച്ചത്..

പിന്നീട് ഓരോ സിനിമ ഇറങ്ങുമ്പോഴും അയാൾക്ക് പിന്നാലെ അഭിപ്രായങ്ങൾ തേടി പായുന്ന സോഷ്യൽ മീഡിയയെ കാണുമ്പോൾ പുശ്ചവും തോന്നി..

പക്ഷെ ഇന്ന് നോക്കുമ്പോൾ പ്രകൃതി അയാൾക്കായി നടത്തിയ ഒരു ഗൂഢാലോചന പോലെ തോന്നുന്നു...നഷ്ട്ടപെട്ട പ്രണയത്തിന്റെ തീച്ചൂളയിൽ അയാൾ കേരളത്തിൽ ആറാടുകയാണ്... ഒന്നും നടക്കില്ല എന്ന് ചിന്തിക്കാതെ എന്തും നടക്കും എന്ന് ചിന്തിച്ചു മുന്നോട്ട് പോകുക.. ലക്ഷ്യം സത്യമാണെങ്കിൽ ആഗ്രഹങ്ങൾക്ക് വിലങ് തടിയില്ല എന്ന് തെളിയിക്കുക ആണ് സന്തോഷ് വർക്കി..

Follow Us:
Download App:
  • android
  • ios