എഴുതിയത് 44 തിരക്കഥകള്‍, സംവിധാനം ചെയ്തത് 12 ചിത്രങ്ങള്‍  ഇത്രയുമായിരുന്നു 20 വര്‍ഷം നീണ്ട ചലച്ചിത്ര ജീവിതത്തില്‍ ലോഹി മലയാളത്തിന് സമ്മാനിച്ചത്. കുടുംബമെന്ന സ്ഥിരം ഭൂമികയിലായിരുന്നു അവയിലധികവും. എന്നാല്‍ തനിയാവര്‍ത്തനമായിരുന്നില്ല അതിലൊന്നുപോലും. തലമുറയിലേക്ക് കൈമാറിക്കിട്ടിയ ഭ്രാന്തില്‍, നീറിപ്പിടഞ്ഞ ബാലന്‍ മാഷിന്റെ ആത്മസംഘര്‍ഷമായിരുന്നില്ല, മേലേടത്ത് രാഘവന്‍ നായരുടേത്. ആണിനൊപ്പം നിവര്‍ന്നുനിന്ന് ജീവിതത്തെ പോരിനുവിളിച്ച കന്‍മദത്തിലെ ഭാനുവിന്റെ വഴിയിലെവിടെയുമായിരുന്നില്ല കസ്‍തൂരിമാനിലെ പ്രിയംവദയുടെ നില്‍പ്പ്. ഒന്നിനൊന്ന് വേറിട്ടുനിന്നു ലോഹിയുടെ കഥയും കഥാപാത്രങ്ങളും.


അരങ്ങില്‍നിന്ന് സിനിമയിലേക്ക്

ചാലക്കുടിക്കടുത്ത് മുരിങ്ങൂരില്‍ 1955 മേയ് 10ന് ആണ് അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന എ കെ ലോഹിതദാസിന്റെ ജനനം. എറണാകുളം മഹാരാജാസില്‍ നിന്ന് ബിരുദപഠനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നു ലബോറട്ടറി ടെക്നീഷ്യന്‍ കോഴ്സും പൂര്‍ത്തിയാക്കിയ ലോഹിതദാസ് കലാരംഗത്തേയ്ക്കു എത്തുന്നത് നാടകത്തിലൂടെയാണ്.

നാടകത്തിന് മുമ്പേ ചെറുകഥയിലും ഒരു കൈനോക്കിയിരുന്നു ലോഹി. പക്ഷേ അത് അത്ര വിജയിച്ചില്ല. സര്‍വകലകളുടെയും സംഗമമായ സിനിമയിലെ ഇരിപ്പിടം ലോഹിക്കായി കാലം കാത്തുവച്ചിരുന്നതിനാലാകാമത്. സിന്ധു ശാന്തമായി ഒഴുകുന്നു ആയിരുന്നു ആദ്യമെഴുതിയ നാടകം. തോപ്പില്‍ ഭാസിയുടെ 'കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്' എന്ന നാടകവേദിക്ക് വേണ്ടിയായിരുന്നു അത്. ആദ്യ നാടകത്തിലൂടെ തന്നെ ലോഹിക്ക് സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. പിന്നീട് അങ്ങോട്ട് നാടകത്തില്‍ ജീവിതം. എഴുത്തുകാരനായും അഭിനേതാവായും.

 

വെള്ളിത്തിരയിലെ ഹരിശ്രീ

അരങ്ങിന്റെ ഉള്‍ത്തുടിപ്പ് കൈവശമാക്കിയ ലോഹിയെ ചലച്ചിത്രലോകത്തേയ്ക്ക് ആനയിച്ചത് മഹാനടന്‍ തിലകനാണ്. 1987ല്‍ സിബി മലയിലിനു വേണ്ടി തനിയാവര്‍ത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് ലോഹിതദാസ് വെള്ളിത്തിരയില്‍ ഹരിശ്രീ കുറിച്ചു. ഭ്രാന്ത് വിഴുങ്ങിയ കുടുംബ പാരമ്പര്യത്തിന്റ ഇങ്ങേയറ്റത്തെ കണ്ണിയായി ഭ്രാന്തിലേക്ക് ചുറ്റുമുള്ളവര്‍ കൊണ്ടെത്തിച്ച ബാലന്‍ മാഷിന്റെ വിഹ്വലതകളില്‍ പ്രേക്ഷകര്‍ നീറി.  ചിത്രത്തിന് നിരൂപകപ്രശംസയും വിപണി വിജയവും ഒരുപോലെ ലഭിച്ചു. മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും തനിയാവര്‍ത്തനം ലോഹിക്ക് സമ്മാനിച്ചു. തുടര്‍ന്ന്, കരുത്തുറ്റ തിരക്കഥകളുമായി വളരെപെട്ടെന്നുതന്നെ പൊന്നുംവിലയുള്ള പേരുകാരനാവുകയായിരുന്നു ലോഹിതദാസ് മലയാള സിനിമയില്‍.

 

പച്ചജീവിതത്തിന്റെ വ്യത്യസ്‍തത

നാടകീയതയുടെ കടുംപിടിത്തങ്ങളില്ലാതെ പച്ചയായ മനുഷ്യരുടെ ആത്മസംഘര്‍ഷങ്ങള്‍ അതേ വൈകാരികത തീക്ഷണതയില്‍ ലോഹി എഴുതിയപ്പോള്‍ സിനിമാകൊട്ടകയ്ക്കുള്ളിലെ ഇരുട്ടില്‍ സേതുമാധവന്റേയും അച്ചൂട്ടിയുടേയും വിദ്യാധരന്റേയും നൊമ്പരങ്ങള്‍ മലയാളിയുടെ ഉള്ളുപൊള്ളിച്ചു.വാടകഗര്‍ഭപാത്രത്തെക്കുറിച്ച് മലയാളി കേട്ടുപരിചയിക്കുന്നതിനും വളരെ മുന്നേ അക്കഥയും പറഞ്ഞു ലോഹി; ദശരഥത്തിലൂടെ.

വാര്‍പ്പുമാതൃകകളില്‍ സവര്‍ണനായകന്‍മാര്‍ അരങ്ങുവാഴുമ്പോള്‍ ജാതീയവും തൊഴില്‍പരവുമായ വ്യത്യസ്തത അനുഭവിപ്പിച്ചും ലോഹി വേറിട്ടുനിന്നു. ആശാരിയും മൂശാരിയും കൊല്ലനും അരയനും വേശ്യയും കൊലയാളിയുമെല്ലാം ലോഹിയുടെ തൂലികയിലൂടെ വെള്ളിത്തിരയിലെത്തി തലയുയര്‍ത്തിപ്പിടിച്ച് ജീവിതം പറഞ്ഞു. ഡ്രൈവര്‍മാരും കൂട്ടിക്കൊടുപ്പുകാരും കൊച്ചുകുട്ടികളും എല്ലാം ക്യാമറയ്ക്കുമുന്നില്‍ സാഹിത്യം പറഞ്ഞപ്പോള്‍ ലോഹിയുടെ കഥാപാത്രങ്ങളുടെ ചുണ്ടില്‍ നിന്ന് കേള്‍വിയിലേക്കെത്തിയത് അവരവരുടെ ജീവന്റെ വര്‍ത്തമാനമായിരുന്നു. പച്ചയായ പറച്ചിലുകള്‍. അതൊരിക്കലും അശ്ലീലമായിരുന്നില്ല.

 

മീശ പിരിക്കാത്ത നായകന്‍മാര്‍; നിഴലിലല്ലാതെ നായികമാര്‍

നെടുനീളന്‍ ഡയലോഗുകളില്‍ ആര്‍ത്തട്ടഹസിച്ച്, മീശപിരിച്ച്, ആണത്തത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരായിരുന്നില്ല ലോഹിയുടെ നായകന്‍മാര്‍. സിനിമയില്‍ നായകരെങ്കിലും നില്‍പ്പുതറ വിട്ടുയരാന്‍ അവരെ ലോഹി ഒരിക്കലും അനുവദിച്ചുമില്ല. ആഴവും പരപ്പവുമുള്ള ജീവിതങ്ങളുടെ വേഷപകര്‍ച്ചകളാടാന്‍ മോഹന്‍ലാലും മമ്മൂട്ടിയടക്കമുള്ളവര്‍ക്ക് ലോഹിയുടെ എഴുത്ത് ഇടമൊരുക്കി. തനിയാവര്‍ത്തനം, അമരം, വാത്സല്യം, ഭൂതക്കണ്ണാടി തുടങ്ങിയ ചിത്രങ്ങള്‍ മമ്മൂട്ടിയിലെ അഭിനേതാവിന് മൂര്‍ച്ചകൂട്ടിയപ്പോള്‍ കിരീടം, ചെങ്കോല്‍, ഭരതം, കമലം, കന്‍മദം തുടങ്ങിയവ മോഹന്‍ലാലിന്റെ പകര്‍ന്നാട്ടങ്ങള്‍ക്ക് തിളക്കമേറ്റി.

പരാജയപ്പെട്ടവരായിരുന്നു ലോഹിയുടെ നായകരില്‍ ഏറെയും; ജീവിതത്തിലെന്നപോലെ. സ്വന്തമായ അസ്തിത്വമില്ലാത്ത കഥാപാത്രങ്ങളോട് ഒരിക്കല്‍പോലും ലോഹ്യം കൂടിയതുമില്ല മലയാളികളുടെ ഈ പ്രിയചലച്ചിത്രകാരന്‍. ഒരുവരി സംഭാഷണം മാത്രമേയുള്ളൂവെങ്കിലും കഥാപാത്രങ്ങള്‍ക്കെല്ലാം നിര്‍വചിക്കപ്പെട്ട തനത് ഇടമുണ്ടായിരുന്നു. ആണ്‍ നിഴലില്‍ മറയ്ക്കപ്പെടുന്നവരായിരുന്നില്ല ലോഹിയുടെ നായികമാര്‍.

സംവിധായകന്റെ തൊപ്പി

സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തായി വാഴുന്നതിനിടയില്‍ സംവിധായകനായിയെത്തിയും ലോഹിതദാസ് മലയാളിയുടെ ഉള്ളുതൊട്ടു. 1997ല്‍ ഭൂതക്കണ്ണാടിയിലൂടെയായിരുന്നു തുടക്കം. മികച്ച ചിത്രത്തിനുള്ള ദേശീയ  സംസ്ഥാന പുരസ്കാരങ്ങള്‍ നേടി സംവിധായകനെന്ന നിലയില്‍ ആദ്യചിത്രത്തിലൂടെ തന്നെ വരവറിയിക്കാന്‍ ലോഹിക്കായി.

തുടര്‍ന്ന് കാരുണ്യം, ഓര്‍മ്മച്ചെപ്പ്, കന്‍മദം, അരയന്നങ്ങളുടെ വീട്, ജോക്കര്‍, നിവേദ്യം തുടങ്ങി 12ഓളം ചിത്രങ്ങള്‍ ലോഹിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി. പലതും സാമാന്യം വിജയങ്ങളായിരുന്നു. പക്ഷേ തിരക്കഥാകൃത്തെന്ന നിലയിലുളളത്ര സ്വീകാര്യത സംവിധായകന്റെ തൊപ്പിയിട്ട ലോഹിക്ക് പലപ്പോഴും കിട്ടിയിരുന്നില്ല. സിനിമയുടെ സര്‍വ്വാധികാരിയായ സംവിധായകനേക്കാള്‍ തിരക്കഥാകൃത്തായ ലോഹിയെ മലയാളി ഒരുപടി കൂടുതല്‍ സ്നേഹിക്കുന്നതുകൊണ്ടാകാം അത്. അഭിനേതാവായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു ലോഹി. ആധാരത്തില്‍ ചീട്ടുകളിക്കാരനായി ആദ്യമായി ക്യാമറയില്‍ മുഖം കാട്ടിയ ലോഹി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സ്റ്റോപ്പ് വയലന്‍സ്, ദി ക്യാമ്പസ്, ഉദയനാണ് താരം എന്നീ ചിത്രങ്ങളിലും വേഷമിട്ടു.


 

പറഞ്ഞതിലേറെ പറയാതെ

പുതുമുഖങ്ങളുടെ രാശിയുമായിരുന്നു ലോഹി. അരയന്നങ്ങളുടെ വീടിലൂടെ ലക്ഷ്‍മി ഗോപാലസ്വാമിയും സൂത്രധാരനിലൂടെ മീരാ ജാസ്മിനും നിവേദ്യത്തിലൂടെ ഭാമയും വിനുവുമൊക്കെ ലോഹിയുടെ കയ്യുംപിടിച്ചാണ് അഭ്രപാളികളില്‍ ചേക്കേറിയത്.

പറഞ്ഞതിലേറെ പറയാനുണ്ട് കഥകള്‍ ഇനിയുമെന്ന് പലപ്പോഴും പറഞ്ഞിരുന്നു ലോഹിതദാസ്. ആ കഥകള്‍ക്കായി മലയാളി കാത്തിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വന്‍ തിരിച്ചുവരവിനായി സ്വപ്‍നപദ്ധതിയായ ഭീഷ്മരെ കടഞ്ഞെടുക്കുന്നതിനിടയില്‍ കാലം ലോഹിയെ മടക്കിവിളിച്ചു. ഒരു മഴക്കാലത്ത്. 2009 ജൂണ്‍ 28ന്.

ആത്മനൊമ്പരത്തിന്റെ നെരിപ്പോടുകളില്‍ നിന്ന് ഊതിക്കാച്ചിയെടുത്ത കഥകള്‍ പറഞ്ഞ പ്രിയപ്പെട്ട ലോഹി മായില്ല; മലയാളത്തിന്റെ ഓര്‍മ്മകളില്‍ നിന്ന്. കാലമെത്ര കഴിഞ്ഞാലും.