2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്.

തെന്നിന്ത്യൻ താരങ്ങളായ സാമന്തയും(samantha) നാഗചൈതന്യയും(naga chaitanya) വിവാഹ മോചിതരാകുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു കഴിഞ്ഞ ഏതാനും നാളുകളായി തെന്നിന്ത്യൻ സിനിമയിൽ(south indian cinema) നടന്നത്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തങ്ങൾ വിവാഹ ബന്ധം(divorce) വേർപ്പെടുത്തുന്നുവെന്ന് ഔദ്യോ​ഗികമായി താരങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ്(bollywood) സംവിധായകൻ രാം ​ഗോപാൽ വർമ(ram gopal varma). 

തുടരെയുള്ള ട്വീറ്റിലൂടെ ആയിരുന്നു രാം ​ഗോപാൽ വർമയുടെ പ്രതികരണം. വിവാഹമല്ല, വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടതെന്നും വിവാഹം നരകത്തിലും വിവാഹമോചനം സ്വർ​ഗത്തിലാണ് നടക്കുന്നതെന്നും സംവിധായകൻ ട്വീറ്റ് ചെയ്യുന്നു. 

"വിവാഹമല്ല, വിവാഹമോചനങ്ങളാണ് ആഘോഷിക്കപ്പെടേണ്ടത്. വിവാഹം എന്നാൽ മരണമാണ്, വിവാഹമോചനം പുനർജന്മവും. വിവാഹം ബ്രിട്ടീഷ് ഭരണമാണ്, വിവാഹമോചനം സ്വാതന്ത്ര്യവും. വിവാഹം ​രോ​ഗമാണ്, വിവാഹമോചനം രോ​ഗശാന്തിയും. വിവാഹങ്ങളേക്കാൾ വിവാഹമോചനം ആഘോഷിക്കപ്പെടണം കാരണം, വിവാഹത്തിൽ, നിങ്ങൾ എന്തിലേക്ക് കടക്കുന്നുവെന്ന് നിങ്ങൾക്കറിയില്ല, അതേസമയം വിവാഹമോചനത്തിൽ നിങ്ങൾ നേടിയതിൽ നിന്നാണ് നിങ്ങൾ പുറത്തുകടക്കുന്നത്. വിവാഹം നരകത്തിൽ നടക്കുന്നതാണ്, വിവാഹമോചനം സ്വർ​ഗത്തിലും. മിക്ക വിവാഹങ്ങളും ആഘോഷങ്ങൾ അവസാനിക്കുന്നത് വരെ പോലും തുടരുന്നില്ല. അതുകൊണ്ട് തന്നെ യഥാർഥ സം​ഗീത് നടക്കേണ്ടത് വിവാഹമോചന സമയത്താണ്, വിവാഹമോചിതരായ സ്ത്രീക്കും പുരുഷനും നൃത്തം ചെയ്യാൻ കഴിയുന്ന സമയത്ത്" രാം ​ഗോപാൽ വർമയുടെ ട്വീറ്റ് ചെയ്യുന്നു. 

2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. ഇരുവരും തമ്മില്‍ അടുത്തകാലത്ത് സ്വരചേര്‍ച്ചയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ പേര് സാമന്ത മാറ്റുകയും ചെയ്തിരുന്നു. അക്കിനേനി എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു സാമന്ത. ഇതോടെയാണ് നാഗചൈതന്യയും സാമന്തയും വേര്‍പിരിയുന്നുവെന്ന് അഭ്യൂഹങ്ങള്‍ വന്നത്. 

Scroll to load tweet…