അടൂര്‍ ഗോപാലകൃഷ്‍ണന്‍റെയും അരവിന്ദന്‍റെയുമടക്കം ചിത്രങ്ങള്‍ നിര്‍മ്മിച്ചു

പ്രമുഖ സിനിമാ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന കെ രവീന്ദ്രനാഥൻ നായർ (90) അന്തരിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍റെയും അരവിന്ദന്‍റെയുമടക്കം കലാമൂല്യമുള്ള നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനര്‍ ആണ് രവീന്ദ്രന്‍ നായരുടെ ജനറല്‍ പിക്ചേഴ്സ്. അച്ചാണി, കാഞ്ചനസീത, കുമ്മാട്ടി, എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയൻ തുടങ്ങിയവ പ്രശസ്ത ചിത്രങ്ങളാണ്. നവതിക്ക് പിന്നാലെയാണ് മരണം. ജൂലൈ 6 ന് ആയിരുന്നു നവതി.

കൊല്ലം സ്വദേശി വെണ്ടർ കൃഷ്ണപിളളയുടെയും നാണിയമ്മയുടെയും എട്ട് മക്കളിൽ അഞ്ചാമനായി 1933 ജൂലൈ മൂന്നിനാണ് രവീന്ദ്രനാഥന്‍ നായരുടെ ജനനം. സ്കൂള്‍ വിദ്യാഭ്യാസം കൊല്ലം കന്റോൺമെന്റ് ബേസിക് ട്രെയിനിംഗ് സ്ക്കൂളിലും ഗവ. ബോയ്സ് ഹൈസ്ക്കൂളിലും പൂർത്തിയാക്കി. 1955 ൽ കോമേഴ്സ് ഐച്ഛിക വിഷയമായി ബിരുദം നേടിയ ശേഷം കശുവണ്ടി വ്യവസായരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. പിതാവിന്‍റെ മരണത്തോടെ ബിസിനസ് ഏറ്റെടുത്തു. അദ്ദേഹത്തിന്‍റെ വിജയലക്ഷ്മി കാഷ്യൂസ് കേരളത്തിലും പുറത്തും 115 ഫാക്ടറികളുളള വലിയ ബിസിനസ് ശൃംഖലയായി.

1967-ലാണ് ജനറൽ പിക്ചേഴ്സ് എന്ന സിനിമാ നിർമ്മാണ കമ്പനി ആരംഭിക്കുന്നത്. സത്യനെ നായകനാക്കി അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രത്തിലൂടെ നിർമ്മാണ രംഗത്തേക്ക് കടന്നു. പി ഭാസ്കരൻ, എ വിൻസെൻറ് , എം ടി വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്ണൻ എന്നിവരുടെ ചിത്രങ്ങളുടെ നിർമ്മാതാവായി. 1973-ൽ പുറത്തിറങ്ങിയ അച്ചാണി എന്ന സിനിമ ഹിറ്റായതോടെ അച്ചാണി രവി എന്നറിയപ്പെട്ടു തുടങ്ങി. ആകെ നിർമിച്ച 14 സിനിമകൾക്ക് 18 ദേശീയ, സംസ്ഥാന പുരസ്കാരങ്ങളാണ് ലഭിച്ചത്. 

അച്ചാണിയുടെ ലാഭം ഉപയോഗിച്ച് കൊല്ലം പബ്ലിക് ലൈബ്രറിയും സോപാനം ഓഡിറ്റോറിയവും നിർമ്മിച്ചത് രവിയാണ്. ചിൽഡ്രൻസ് ലൈബ്രറിയും ആർട്ട് ഗ്യാലറിയും ഉൾപ്പെട്ട ഇത് ഇപ്പോൾ കൊല്ലത്തെ സാംസ്കാരിക കേന്ദ്രമാണ്. സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് 2008-ൽ ജെ.സി.ഡാനിയേൽ പുരസ്കാരം നല്‍കി സർക്കാർ ആദരിച്ചു. ഗായികയായിരുന്ന ഭാര്യ ഉഷ രവി 2013-ൽ അന്തരിച്ചു. പ്രതാപ് നായർ, പ്രകാശ് നായർ, പ്രീത എന്നിവരാണ് മക്കൾ.

ALSO READ : 'വീട്ടിലിരുന്ന് പഴങ്കഞ്ഞി കുടിക്കുന്നതിന്‍റെ വീഡിയോ ഇടുന്നത് എങ്ങനെ'? വിമര്‍ശകരോട് അഖിലിന് പറയാനുള്ളത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

മഴയോട് മഴ |Rain| Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News