ചെന്നൈ: ഹിന്ദി പരിജ്ഞാനമില്ലാത്തതിന്‍റെ പേരില്‍ നേരിട്ട മോശം അനുഭവത്തേക്കുറിച്ച് സംസാരിച്ച് തമിഴ് സിനിമാ സംവിധായകന്‍ വെട്രിമാരന്‍. 2011ല്‍ ദില്ലി വിമാനത്താവളത്തിലാണ് വെട്രിമാരന് ദുരനുഭവം നേരിട്ടത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വെട്രിമാരന്‍റെ വെളിപ്പെടുത്തല്‍. 

2011 ഓഗസ്റ്റില്‍ കാനഡയിലെ മോന്‍റ്റീല്‍ ചലചിത്ര മേളയില്‍ ആടുകളം എന്ന വെട്രിമാരന്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് ശേഷം തിരികെ വരുമ്പോള്‍ ഇമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥനില്‍ നിന്നാണ് മോശം അനുഭവം നേരിടേണ്ടി വന്നത്. വിമാനത്താവളത്തില്‍ വച്ച് ഹിന്ദിയില്‍ സംസാരിച്ച ഉദ്യോഗസ്ഥനോട് ഹിന്ദി അറിയില്ലെന്ന് വെട്രിമാരന്‍ വിശദമാക്കി. ഇതോടെ രാജ്യത്തിന്‍റെ മാതൃഭാഷ അറിയില്ലേയെന്നായി ഉദ്യോഗസ്ഥന്‍റെ ചോദ്യം. തന്‍റെ മാതൃഭാഷ തമിഴ് ആണെന്നും മറ്റുള്ളവരുമായി സംവദിക്കേണ്ടി വരുമ്പോള്‍ ഇംഗ്ലീഷ് ആണ് ഉപയോഗിക്കാറുള്ളതെന്നും വെട്രിമാരന്‍ ഉദ്യോഗസ്ഥനോട് പറഞ്ഞു. 

ഇതോടെ നിങ്ങള്‍ തമിഴന്മാരും കശ്മീരികളുമാണ് രാജ്യത്തെ വിഭജിക്കുന്നതെന്നായിരുന്നു ഉദ്യോഗസ്ഥന്‍ ക്ഷുഭിതനായി സംസാരിച്ചതെന്നാണ് വെട്രിമാരന്‍ തുറന്നുപറയുന്നത്. ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള വ്യക്തിയാണ് വെട്രിമാരനെന്ന് നിര്‍മ്മാതാവ് കതിരേശനും സംഗീത സംവിധായകന്‍  ജി വി പ്രകാശും ഉദ്യോഗസ്ഥനെ അറിയിച്ചിട്ടും മുക്കാല്‍ മണിക്കൂറിലേറെ സമയം വിമാനത്താവളത്തില്‍ കാത്ത് നില്‍ക്കേണ്ടി വന്നുവെന്നും വെട്രിമാരന്‍ വെളിപ്പെടുത്തിയതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എങ്ങനെയാണ് തന്‍റെ മാതൃഭാഷ രാജ്യത്തെ വിഭജിക്കുന്നതെന്നും വികസനം തടയുന്നതെന്നുമാണ് വെട്രിമാരന്‍ ചോദിക്കുന്നത്. മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച തിരക്കഥ അടക്കം ആറ് ദേശീയ അവാര്‍ഡുകളാണ് വെട്രിമാരന്‍ ചിത്രമായ ആടുകളം നേടിയത്. 2016ല്‍ വെട്രിമാരന്‍ സംവിധാനം ചെയ്ത വിസാരണൈ മൂന്ന് ദേശീയ അവാര്‍ഡും നേടിയിരുന്നു.