ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ അത്ഭുത ഹിറ്റ്

തെന്നിന്ത്യന്‍ സിനിമാലോകത്തെ സംബന്ധിച്ച് എണ്ണംപറഞ്ഞ നിരവധി ഹിറ്റുകള്‍ ഉണ്ടായ വര്‍ഷമാണ് ഇത്. പുഷ്‍പ, കെജിഎഫ് 2, ആര്‍ആര്‍ആര്‍, വിക്രം എന്നിങ്ങനെ പലതും. എന്നാല്‍ ഈ ചിത്രങ്ങളൊക്കെ റിലീസിനു മുന്‍പേ വിജയ സാധ്യത പ്രവചിക്കപ്പെട്ടവയായിരുന്നു. അത്തരത്തില്‍ ട്രേഡ് അനലിസ്റ്റുകളുടെയൊന്നും കണ്ണില്‍ പെടാതെ ബമ്പര്‍ ഹിറ്റടിച്ച് ഇപ്പോഴും തിയറ്ററുകളില്‍ തുടരുന്ന ഒരു ചിത്രമുണ്ട്. താരതമ്യേന ചെറിയ ബജറ്റില്‍ ഒരുങ്ങിയ തെലുങ്ക് ചിത്രം കാര്‍ത്തികേയ 2 ആണ് അത്. റിലീസ് ചെയ്‍തിട്ട് ഒരു മാസം പിന്നിടുമ്പോഴും കാണികളുള്ള ചിത്രത്തിന്‍റെ മലയാളം പതിപ്പ് സെപ്റ്റംബര്‍ 23 ന് റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ വ്യക്തിപരമായ ഒരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് നായകന്‍ നിഖില്‍ സിദ്ധാര്‍ഥ. തന്‍റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ആയിരിക്കുന്ന ചിത്രം ആദ്യമായി ബിഗ് സ്ക്രീനില്‍ കണ്ടു എന്നതാണ് അത്.

അതെ, ബോക്സ് ഓഫീസില്‍ 100 കോടിയും നേടി മുന്നോട്ടു കുതിക്കുന്ന ചിത്രം അതിലെ നായക നടന്‍ ഇതുവരെ തിയറ്ററില്‍ കണ്ടിരുന്നില്ല. ഹൈദരാബാദിലെ പ്രസാദ്സ് ഐമാക്സില്‍ ഇന്നാണ് നിഖില്‍ ചിത്രം കണ്ടത്. സിനിമാപ്രേമികളുടെ കണ്ണില്‍ പെടാതെ രഹസ്യമായാണ് നിഖില്‍ തന്‍റെ സീറ്റില്‍ എത്തിയത്. ഹൌസ്ഫുള്‍ പ്രദര്‍ശനമായിരുന്നു ചിത്രത്തിന്. തിയറ്ററില്‍ നിന്നുള്ള തന്‍റെ ചിത്രവും നിഖില്‍ ട്വീറ്റ് ചെയ്‍തിട്ടുണ്ട്.

ALSO READ : ആ ആന നടന്നത് പ്രസൂണിന് മുന്നിലൂടെയല്ല; 'പാല്‍തു ജാന്‍വര്‍' വിഎഫ്എക്സ് ബ്രേക്ക് ഡൗണ്‍ വീഡിയോ

Scroll to load tweet…

മിസ്റ്ററി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 2014ല്‍ പുറത്തെത്തിയ കാര്‍ത്തികേയയുടെ സീക്വല്‍ ആണ്. റിലീസിന്‍റെ ആദ്യ ആറ് ദിനങ്ങളില്‍ നിന്നു മാത്രം 33 കോടി രൂപയായിരുന്നു കളക്റ്റ് ചെയ്‍തത്. ഹിന്ദി പതിപ്പിന് ലഭിച്ച സ്വീകരണം എടുത്ത് പറയേണ്ടതുണ്ട്. വെറും 53 ഷോകള്‍ ആയിരുന്നു ഹിന്ദി പതിപ്പിന് റിലീസിംഗ് സമയത്ത് ഉണ്ടായിരുന്നതെങ്കില്‍ ഒരാഴ്ച പിന്നിട്ടപ്പോള്‍ അത് 1575 ഷോകളായി വര്‍ധിച്ചിരുന്നു. മൂന്ന് വാരങ്ങളില്‍ നിന്നായി ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 111 കോടി ചിത്രം നേടിയിരുന്നു. ലോകമാകമാനം 2000 സ്ക്രീനുകളില്‍ ആയിരുന്നു നാലാം വാരത്തില്‍ ചിത്രത്തിന് ഉണ്ടായിരുന്നത്.