ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്ത ലാൽ സലാം എന്ന ചിത്രം തീയറ്ററിൽ പരാജയപ്പെട്ടെങ്കിലും, നഷ്ടപ്പെട്ട ഹാർഡ് ഡിസ്ക് തിരിച്ചുകിട്ടിയതിനെ തുടർന്ന് ബക്രീദിന് സൺ നെക്സ്റ്റിൽ ഒടിടി റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ചെന്നൈ: ഓഗസ്റ്റ് 14 ന് തന്റെ അടുത്ത ചിത്രമായ കൂലിയുടെ റിലീസിനായി സൂപ്പർസ്റ്റാർ രജനീകാന്ത് ഒരുങ്ങുകയാണ്. ഒപ്പം തന്നെ രജനിയുടെ ജയിലർ 2 നിർമ്മാണ ഘട്ടത്തിലാണ്. അതേ സമയം ഒരു വര്‍ഷം മുന്‍പ് തീയറ്ററില്‍ എത്തി വന്‍ പരാജയമായ ഒരു ചിത്രം രജനിക്കുണ്ട്. 

മകള്‍ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്ത ചിത്രത്തിൽ വിഷ്ണു വിശാലും വിക്രാന്തും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ലാല്‍ സലാം എന്ന ചിത്രം 80 കോടിയോളം ചിലവഴിച്ചാണ് നിര്‍മ്മിച്ചത്. പക്ഷെ മൊത്തം കളക്ഷന്‍ വെറും 16 കോടിയാണ് കിട്ടിയത്.

എന്നാല്‍ രജനികാന്തിന്‍റെ സാന്നിധ്യം ഉണ്ടായിട്ടും ലാൽ സലാം ഇതുവരെ ഡിജിറ്റൽ റിലീസിന് എത്തിയിരുന്നില്ല. പ്രധാനപ്പെട്ട രംഗങ്ങൾ അടങ്ങിയ ഒരു നിർണായക ഹാർഡ് ഡിസ്ക് നഷ്ടപ്പെട്ടതായും ഇത് ഒടിടി റിലീസ് വൈകാൻ കാരണമായതായും ഐശ്വര്യ രജനീകാന്ത് ഒരു പഴയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. 

പിന്നീട് ഹാർഡ് ഡിസ്ക് കുറച്ച് മാസങ്ങൾക്ക് മുമ്പ് തിരിച്ച് ലഭിച്ചുവെന്നും വിവരമുണ്ടായിരുന്നു. പക്ഷേ ഇതുവരെ ഡിജിറ്റൽ റിലീസിനെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റും ഉണ്ടായിരുന്നില്ല. ഒടുവിൽ, ലാൽ സലാം ബക്രീദിന് ദിനത്തില്‍ ജൂണ്‍ ആറിനോ, ഏഴിനോ സൺ നെക്സ്റ്റ് പ്ലാറ്റ്‌ഫോമിലൂടെ ഒടിടി റിലീസ് ചെയ്യും എന്നാണ് വിവരം.

നെറ്റ്ഫ്ലിക്സ് നേരത്തെ ലാല്‍സലാം ഒടിടി അവകാശങ്ങൾ സ്വന്തമാക്കിയെന്ന് വിവരം ഉണ്ടായിരുന്നു. പക്ഷേ പിന്നീട്, അജ്ഞാതമായ കാരണങ്ങളാൽ അവര്‍ ചിത്രം സ്ട്രീം ചെയ്തില്ല. ലാല്‍ സലാം തീയറ്ററില്‍ ഒരു ചലനവും ഉണ്ടാക്കിയില്ലെങ്കിലും ഒടിടിയില്‍ മികച്ച പ്രതികരണം ഉണ്ടാക്കും എന്നാണ് പ്രതീക്ഷ. 

ധന്യ ബാലകൃഷ്ണ, ജീവിത രാജശേഖർ, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് ​​പ്രസന്ന, തങ്കദുരൈ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍. എ ആർ റഹ്മാനാണ് ഈണങ്ങൾ ഒരുക്കിയത്. ലൈക്ക പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിച്ചത്.