മുംബൈ: ആലിയ ഭട്ടിനേക്കാളും രണ്‍ബീര്‍ കപൂറിനേക്കാളും മികച്ച അഭിനേതാക്കള്‍ ആരാണെന്ന് കാണിച്ച് തരാന്‍ ആവശ്യപ്പെട്ട സംവിധായകന് അഭിനേതാക്കളുടെ പട്ടികയുമായി സമൂഹമാധ്യമങ്ങള്‍. ബോളിവുഡിലെ സ്വജനപക്ഷപാത്തെക്കുറിച്ച് ഉയര്‍ന്ന് ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു ബോളിവുഡ് സംവിധായകന്‍ ആര്‍ ബല്‍ക്കിയുടെ പ്രതികരണം. യുവനടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെയായിരുന്നു ബോളിവുഡിലെ സ്വജനപക്ഷപാതം ഏറെ ചര്‍ച്ചയായത്. 
നിര്‍മ്മാതാവ് മഹേഷ് ഭട്ടിന്‍റേയും നടി സോണി റാസ്ദാന്‍റെയും മകളാണ് ആലിയ അതേസമയം റിഷി കപൂറിന്‍റേയും നീതു കപൂറിന്‍റേയും മകനാണ് റണ്‍ബീണ്‍.  

സ്വജനപക്ഷപാതം സംബന്ധിച്ച ആരോപണങ്ങളില്‍ നിരന്തരം ഉയര്‍ന്ന പേരുകള്‍ ഇവരുടേതായിരുന്നു. ഇവരെ പിന്തുണച്ചായിരുന്നു ആര്‍ ബല്‍ക്കിയുടെ പ്രതികരണം. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രസ്താവന. താരങ്ങളുടെ മക്കളാവുന്നതിന് ഗുണവും ദോഷവുമുണ്ട്. പക്ഷേ ആലിയ ഭട്ടിനേക്കാളും രണ്‍ബീര്‍ കപൂറിനേക്കാളും മികച്ച അഭിനേതാക്കളെ എനിക്ക് കാണിച്ച് തരാന്‍ സാധിക്കുമോ? മികച്ച അഭിനേതാക്കള്‍ക്ക് നേരെ നടക്കുന്ന ഇത്തര ആരോപണങ്ങള്‍ ശരിയല്ലെന്നുമായിരുന്നു ആര്‍ ബല്‍ക്കി വിശദമാക്കിയത്. 

ആര്‍ ബല്‍ക്കിക്ക് മറുപടിയുമായി നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്. മിസ്റ്റര്‍ ഇന്ത്യ, ബാന്‍ഡിഡ് ക്യൂന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ശേഖര്‍ കപൂറാണ് ആര്‍ ബല്‍ക്കിക്കെതിരെ പ്രതികരിച്ചിരിക്കുന്ന പ്രമുഖരിലൊരാള്‍. താങ്കളോട് എനിക്ക് ബഹുമാനമുണ്ട്. കഴിഞ്ഞ ദിവസമാണ് കായ് പോ ച്ചെ എന്ന ചിത്രം കണ്ടത്. അതിലെ യുവനടന്മാര്‍ മികച്ച അഭിനേതാക്കളാണെന്ന് ശേഖര്‍ കപൂര്‍ ട്വീറ്റ് ചെയ്തു. സുശാന്ത് സിംഗ് രാജ്പുത് അടക്കമുള്ളവരാണ് ഈ ചിത്രത്തിലുള്ളത്. ഇതിന് പിന്നാലെ ബോളിവുഡിലെ മികച്ച താരങ്ങളുടെ ഒരു പട്ടിക തന്നെ ശേഖര്‍ കപൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.  രാജ്കുമാര്‍, വിക്രാന്ത്, വിക്കി, ഭൂമി, രാധിക ആപ്തെ,സ്വര ഭാസ്കര്‍, റിച്ച തുടങ്ങി നിരവധി താരങ്ങളുടെ പട്ടികയാണ് ആല്‍ ബല്‍ക്കിക്ക് നിരവധിപ്പേര്‍ നല്‍കുന്നത്.