Asianet News MalayalamAsianet News Malayalam

റിയാസ് ഖാന്‍ നായകനാവുന്ന സ്പൂഫ് സിനിമ; പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പില്‍

"നിങ്ങള്‍ വിമര്‍ശിക്കുന്തോറുമാണ് പൊതുസമൂഹം എന്നെ ഏറ്റെടുക്കുന്നത്. കാരണം നിങ്ങള്‍ എന്ന് വിമര്‍ശിച്ചോ അന്ന് ഞാന്‍ ചെയ്യുന്ന വീഡിയോകള്‍ക്ക് നല്ലോണം പൈസ ഉണ്ടാവും. അതുകൊണ്ട് വിമര്‍ശനത്തിന് ഒട്ടും കുറവ് വരുത്തണ്ട..."

firoz kunnamparambil responds to mayakottaram movie
Author
Thiruvananthapuram, First Published Nov 5, 2020, 7:38 PM IST

റിയാസ് ഖാന്‍ നായകനാവുന്ന 'മായക്കൊട്ടാരം' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിമാറിയിരുന്നു. 'നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍' എന്ന കഥാപാത്രമായാണ് റിയാസ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചാരിറ്റി പ്രവര്‍ത്തകരെ അടച്ചാക്ഷേപിക്കുന്നതെന്ന് ഒരു വിഭാഗം പോസ്റ്ററിനെതിരെ വിമര്‍ശനവുമായി എത്തിയപ്പോള്‍ ചാരിറ്റിയുടെ പേരില്‍ തട്ടിപ്പ് നടക്കുന്നുണ്ടെങ്കില്‍ വിമര്‍ശിക്കപ്പെടേണ്ടതാണെന്നായിരുന്നു മറുഭാഗത്തിന്‍റെ വാദം. എന്നാല്‍ 'മായക്കൊട്ടാരം' ഒരു സ്പൂഫ് സിനിമയാണെന്നും ചാരിറ്റി പ്രവര്‍ത്തകരില്‍ ആരെയെങ്കിലും വ്യക്തിപരമായി ഉദ്ദേശിച്ചായിരുന്നില്ല പോസ്റ്റര്‍ എന്നും റിയാസ് ഖാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. എന്നാല്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവരാണ് ഈ ചിത്രത്തിനു പിന്നിലെന്ന പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പില്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഫിറോസ് ആരോപണം ഉയര്‍ത്തിയത്.

"നിങ്ങള്‍ വിമര്‍ശിക്കുന്തോറുമാണ് പൊതുസമൂഹം എന്നെ ഏറ്റെടുക്കുന്നത്. കാരണം നിങ്ങള്‍ എന്ന് വിമര്‍ശിച്ചോ അന്ന് ഞാന്‍ ചെയ്യുന്ന വീഡിയോകള്‍ക്ക് നല്ലോണം പൈസ ഉണ്ടാവും. അതുകൊണ്ട് വിമര്‍ശനത്തിന് ഒട്ടും കുറവ് വരുത്തണ്ട. ഇപ്പൊ നിങ്ങള്‍ വലിയൊരു ഗ്രൂപ്പുണ്ട്. നിങ്ങളില്‍ ഒരുപാട് ആളുകളുണ്ട്. ഇപ്പോള്‍ സിനിമയടക്കം ഇറക്കാന്‍ പോവുകയാണ് ആ സംഘം. പിരിവിട്ട് ലക്ഷങ്ങളും കോടികളും സ്വരൂപിച്ച് ആ പണമുപയോഗിച്ച് സിനിമയെടുക്കാനും അതിലൂടെ തേജോവധം ചെയ്യാനുമൊക്കെ ഇറങ്ങിയിരിക്കുന്ന ആളുകളോട്.. നിങ്ങള്‍ക്ക് ഇതൊക്കെ ഒരു ബിസിനസ് ആണ്. അഭിനയിക്കുന്നവര്‍ക്കും സംവിധായകനും നിര്‍മ്മാതാവിനും പൈസ കിട്ടും. രോഗികള്‍ക്കുവേണ്ടി വീഡിയോ ചെയ്യുമ്പോള്‍ എനിക്കും പൈസ കിട്ടും. ആ പണം കൊണ്ടാണ് ആ പാവങ്ങളൊക്കെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. രോഗികള്‍ സുഖപ്പെടുന്നതും വീടില്ലാത്തവര്‍ക്ക് വീട് ലഭിക്കുന്നതും ആ പണം കൊണ്ടാണ്. നിങ്ങള്‍ അടിച്ച് താഴെയിടുന്നതുവരെ ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടേയിരിക്കും", ഫിറോസ് കുന്നംപറമ്പില്‍ പറയുന്നു.

firoz kunnamparambil responds to mayakottaram movie

 

'മായക്കൊട്ടാര'ത്തെക്കുറിച്ച് റിയാസ് ഖാന്‍ പറഞ്ഞത്

സിനിമയുടെ ഫോട്ടോഷൂട്ട് കഴിഞ്ഞതേയുള്ളൂ. തുടങ്ങാനിരിക്കുകയാണ്. ഒരു കോമഡി സബ്‍ജക്ട് ആണ്. ഒരു സ്പൂഫ് സിനിമയാണ് മായക്കൊട്ടാരം. എന്ത് വിഷയം കണ്ടാലും ചാടിക്കേറി അത് ഏല്‍ക്കുന്ന ആളാണ് സുരേഷ് കോടാലിപ്പറമ്പന്‍ എന്ന നായക കഥാപാത്രം. എന്നിട്ട് അതിനുവേണ്ടി പണം സമാഹരിക്കും. പിന്നെ അതെടുത്ത് യുട്യൂബില്‍ ഇടും. അങ്ങനെ ഒരു കഥാപാത്രം. നിലവിലുള്ള ചാരിറ്റി പ്രവര്‍ത്തകരില്‍ ആരെയെങ്കിലും വ്യക്തിപരമായി ഉദ്ദേശിച്ചല്ല കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. സ്‍പൂഫ് സിനിമയുടെ പോസ്റ്ററും സ്‍പൂഫ് രീതിയില്‍ ചെയ്‍തതാണ്. ആ പോസ്റ്റര്‍ കാണുമ്പോള്‍ ഇത് ചില ആളുകളെ ഉദ്ദേശിച്ചല്ലേ എന്ന് നമുക്ക് തോന്നും. അതേസമയം അങ്ങനെ ചിന്തിച്ചോട്ടെ എന്ന് കരുതിയുമാണ് ഇത്തരത്തില്‍ ഒരു പോസ്റ്റര്‍ ഇറക്കിയത്. പിന്നെ രണ്ടുതരം ആളുകള്‍ എല്ലാ മേഖലകളിലുമില്ലേ. പൊലീസുകാരില്‍ ഇല്ലേ, നല്ല ആളുകളും ചീത്ത ആളുകളും. എല്ലാവരും മോശക്കാരാണെന്ന് പറയാന്‍ പറ്റില്ലല്ലോ. സിനിമയില്‍ പലതും തൊട്ടും തൊടാതെയും പറഞ്ഞുപോകുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios