സിനിമയുടെ പ്രമോഷനായി ഫ്ലക്സ് ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കില്ലെന്നുള്ള തീരുമാനം കൊണ്ട് ശ്രദ്ധേയമാവുകയാണ് മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വൻ. ഔദ്യോഗികമായി ഫ്ലക്സ് ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കുകയാണെന്ന കാര്യം സംവിധായകന്‍ രമേഷ് പിഷാരടിയാണ് അറിയിച്ചത്. സിനിമയുടെ പരസ്യത്തിന് പോസറ്ററുകള്‍ മാത്രമേ ഉപയോഗിക്കു എന്നും പിഷാരടി പറഞ്ഞു. ചെന്നൈയിൽ ഫ്ലക്സ് ബോർഡ് വീണുണ്ടായ അപകടത്തിൽ ശുഭശ്രീ എന്ന യുവതി മരിക്കാനിടയായ സംഭവമാണ് പതിവു പരസ്യ രീതിയില്‍ നിന്ന് മാറി ചിന്തിക്കാൻ ഗാനഗന്ധര്‍വ്വൻ ടീം തീരുമാനിച്ചത്. സമൂഹമാധ്യമങ്ങളിൽ  മികച്ച പിന്തുണയാണ് ഇതിന് ലഭിക്കുന്നത്. നേരത്തെ ഫ്ലക്സുകൾ വയ്ക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് താരങ്ങളും രം​ഗത്തെത്തിയിരുന്നു. നടന്മാരായ വിജയ്, സൂര്യ, അജിത്ത് എന്നിവരാണ് ആവശ്യവുമായി രംഗത്തെത്തിയത്. സിനിമയുമായി ബന്ധപ്പെട്ടോ ഫാൻസ് അസോസിയേഷനുകളുടെ പേരിലോ ഇനി ഫ്ലക്സുകൾ വയ്ക്കരുതെന്ന് താരങ്ങൾ ഇറക്കിയ പത്രക്കുറിപ്പിൽ നിര്‍ദ്ദേശിച്ചു.

ഗാനമേള ഗായകനായ കലാസദൻ ഉല്ലാസാണ് മമ്മൂട്ടി ഗാനഗന്ധര്‍വ്വനില്‍ അഭിനയിക്കുന്നത്. വന്ദിതയാണ് നായിക. ഹരി നായരും രമേഷ് പിഷാരടിയും തിരക്കഥയും സംഭാഷണവും എഴുതുന്നു. ദീപക് ദേവ് ആണ് സംഗീത സംവിധായകൻ. സുരേഷ് കൃഷ്‍ണ, അശോകൻ തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്.