സിനിമാ നടിമാർ വിവാഹിതരാകുമ്പോൾ അവർക്കെതിരെ ഉയരുന്ന ചോദ്യമാണ് ഇനി കരിയർ തുടരുമോ എന്നത്. 
മോളിവുഡെന്നോ കോളിവുഡെന്നോ ബോളിവുഡെന്നോ വ്യത്യാസമില്ലാതെ ഈ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ തനിക്കുണ്ടായ അനുഭവം തുറന്നുപറയുകയാണ് ജനീലിയ ഡിസൂസ. താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്നുവെന്ന് പറഞ്ഞപ്പോൾ ആദ്യം കേട്ടത് കരിയര്‍ അവസാനിക്കാന്‍ പോകുന്നു എന്നായിരുന്നുവെന്ന് ജനീലിയ പറയുന്നു.

ദേശീയമാധ്യമമായ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. “ഇത്തരം ചോദ്യങ്ങളെന്നും തന്നെ ബധിക്കാൻ അനുവദിച്ചില്ല. കുടുംബത്തിന് വേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കണമെന്ന് വിവാഹത്തിന് മുമ്പ് തീരുമാനിച്ചതായിരുന്നു. ഇന്‍ഡസ്ട്രിയില്‍ ഇപ്പോൾ പോസിറ്റീവായ മാറ്റങ്ങള്‍ കാണുന്നുണ്ടെന്നും ജനീലിയ പറഞ്ഞു. 

വിവാഹത്തിന് മുമ്പ് വിശ്രമമില്ലാതെ സിനിമയിൽ അഭിനയിക്കുകയായിരുന്നു. പലരും തന്നെ ഹിന്ദി സിനിമയില്‍ കണ്ടിട്ടുണ്ടാവില്ല. പക്ഷേ വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസവും തെന്നിന്ത്യന്‍ സിനിമകളിൽ അഭിനയിച്ചു. അങ്ങനെയാണ് ഒരു ബ്രേക്ക് വേണമെന്ന് തോന്നിയത്. വിവാഹശേഷം കുട്ടികളുണ്ടായതോടെ അവര്‍ക്കൊപ്പം സമയം കണ്ടെത്തണമെന്ന് തോന്നിയെന്നും ജനീലിയ പറയുന്നു. വര്‍ഷത്തില്‍ രണ്ടോ മൂന്നോ ചിത്രങ്ങള്‍ ചെയ്യാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അത് താനെന്ന അഭിനേത്രിയുടെയും വ്യക്തിയുടെയും വളര്‍ച്ചയെ സഹായിക്കുമെന്നും താരം കൂട്ടിച്ചേർത്തു.