സാമൂഹികപ്രസക്തിയുള്ള ഫാമിലി എൻ്റർടെയിനർ

ഉണ്ണി മുകുന്ദന്‍ നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഗെറ്റ് സെറ്റ് ബേബി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദ് ആണ്. ഒരു ഗൈനക്കോളജിസ്റ്റ് ആണ് ചിത്രത്തിലെ ഉണ്ണി മുകുന്ദന്‍റെ കഥാപാത്രം. ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ചിത്രമാണിതെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നു.

ദേശീയ അവാർഡ് നേടിയ മേപ്പടിയാൻ, ഷഫീക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ കുടുംബ ചിത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകമനസ്സുകളിൽ സ്ഥാനം പിടിച്ച മലയാളികളുടെ പ്രിയപ്പെട്ട താരം ഉണ്ണിമുകുന്ദന്റെ മറ്റൊരു തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന ശക്തമായ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രേക്ഷകരുടെ ഇഷ്ടതാരം നിഖില വിമലാണ്. 

സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ്ജ് എന്നിവരാണ് സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ എൽ എൽ പിയുടെയും സംയുക്ത സംരഭമായി ഈ ചിത്രം നിർമ്മിക്കുന്നത്. ആധുനിക ജീവിതത്തിലെ രസങ്ങളും വൈകാരിക നിമിഷങ്ങളും കോർത്തിണക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. ആധുനികജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ എൻ്റർടെയിനറായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്ന് അണിയറപ്രവർത്തകൾ പ്രത്യാശിക്കുന്നു. പ്രശസ്ത സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് ചിത്രസംയോജനം. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് സാം സി എസ് ആണ്. സുനിൽ കെ ജോർജ് ആണ്പ്രൊഡക്ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊമോഷൻ കൺസൾട്ടന്റ് വിപിൻ കുമാർ. ചിത്രത്തിൻ്റെ ഷൂട്ടിംഗ് അടുത്ത വർഷം ആദ്യം ആരംഭിക്കും.

ALSO READ : 'മോണിംഗ് ഷോയ്ക്ക് ഒരാളുമില്ല! ഞായറാഴ്ച 10 പേര്‍'; കങ്കണ ചിത്രം തേജസിന്‍റെ 50 ശതമാനം പ്രദര്‍ശനങ്ങളും റദ്ദാക്കി

GET – SET BABY (Malayalam) | Unni Mukundan | Nikhila Vimal | Vinay Govind