എഴുത്താകാരനായും നടനായും സംവിധായകനായും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട ബഹുമുഖ പ്രതിഭയാണ് ഗിരീഷ് കര്‍ണാട്. കന്നഡ സിനിമാ സാഹിത്യ നാടക രംഗത്തെ പ്രമുഖനായിരുന്ന ഗിരീഷ് കര്‍ണ്ണാടക് രണ്ട് മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. ഭരതൻ സംവിധാനം ചെയ്‍ത നീലക്കുറിഞ്ഞി പൂത്തപ്പോള്‍ ആയിരുന്നു ഒരു ചിത്രം. സുരേഷ് കൃഷ്‍ണയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ദ പ്രിൻസ് ആയിരുന്നു മറ്റൊരു ചിത്രം.

നീലക്കുറിഞ്ഞി പൂത്തപ്പോൾ എന്ന ചിത്രത്തില്‍ ലെഫ്റ്റനന്‍റ് കേണൽ സി അപ്പുണ്ണി മേനോൻ എന്ന കഥാപാത്രമായിട്ടാണ് ഗിരീഷ് കര്‍ണാട് അഭിനയിച്ചത്. അതേസമയം മാഫിയത്തലവനായിട്ടായിരുന്നു ദ പ്രിൻസില്‍ അഭിനയിച്ചത്.  വിശ്വനാഥ് എന്ന കഥാപാത്രമായിരുന്നു ഗിരീഷ് കര്‍ണ്ണാടിന്റേത്.  സിനിമ മേഖലയ്‍ക്ക് വലിയ നഷ്‍ടമെന്നും താങ്കള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നുമാണ് മോഹൻലാല്‍ ഗിരീഷ് കര്‍ണാടകിനെ അനുസ്‍മരിച്ചത്. പത്മശ്രീയും പത്മഭൂഷനും നല്‍കി രാജ്യം ഗിരീഷ് കര്‍ണാടിനെ ആദരിച്ചിട്ടുണ്ട്.  1998ല്‍ ജ്ഞാനപീഠവും ഗിരീഷ് കര്‍ണാടിനെ തേടിയെത്തിയിരുന്നു.