തൃശൂര്‍ ലുലു കണ്‍വെൻഷൻ സെൻററില്‍ സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയില്‍ സിനിമ രംഗത്ത് നിന്നുള്ള നിരവധി പേര്‍ പിന്തുണ നല്‍കി എത്തിയിരുന്നു.

തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിക്ക് വോട്ട് തേടിയ ബിജു മേനോനെതിരെ നടക്കുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്. ബിജു മേനോൻ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങൾ നിവർന്ന നട്ടെല്ലോടെ നിർഭയം പറയുന്ന ബിജു ചേട്ടൻ എന്ന വ്യക്തിയെ ആണെന്ന് ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തൃശൂര്‍ ലുലു കണ്‍വെൻഷൻ സെൻററില്‍ സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയില്‍ സിനിമ രംഗത്ത് നിന്നുള്ള നിരവധി പേര്‍ പിന്തുണ നല്‍കി എത്തിയിരുന്നു. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത് തൃശൂരിൻറെ ഭാഗ്യമാണെന്നാണ് തൃശൂരിലെ വോട്ടര്‍ കൂടിയായ ബിജു മേനോൻ പരിപാടിയില്‍ പറഞ്ഞത്.

സുരേഷ് ഗോപിയെ പോലൊരു മനുഷ്യസ്നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും അദ്ദേഹം തൃശ്ശൂരിന്‍റെ ജനപ്രതിനിധിയായാല്‍ എന്തു കാര്യത്തിനും ഒപ്പമുണ്ടാവും എന്ന് താന്‍ ഉറപ്പു നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി ബിജു മേനോനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

ഇതോടെയാണ് പ്രതികരണവുമായി ഗോകുല്‍ സുരേഷ് എത്തിയത്. ബിജു മേനോനെ കൂടാതെ പ്രിയ പ്രകാശ് വാര്യര്‍, നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍, നടന്‍ സന്തോഷ്, യദു കൃഷ്ണന്‍, ഗായകന്‍ അനൂപ് ശങ്കര്‍ തുടങ്ങിയവരും സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.