കേരളത്തിലെ ആദിവാസികളുടെ സ്ഥിതി വളരെ പരിതാപകപമാണെന്നും സംസ്ഥാനത്തേക്ക് ട്രൈബൽ കമ്മീഷനെ അയയ്ക്കണമെന്നും സുരേഷ് ഗോപി രാജ്യ സഭയിൽ ആവശ്യപ്പെട്ടിരുന്നു.  

കേരളത്തിലെ ആദിവാസി സമൂഹത്തിനായി രാജ്യസഭയിൽ പ്രസം​ഗിച്ച സുരേഷ് ​ഗോപിയെ(Suresh Gopi MP) പ്രശംസിച്ച് മകൻ ​ഗോകുൽ സുരേഷ്(Gokul Suresh). അച്ഛൻ ജനങ്ങൾക്ക് വേണ്ടി വാദിക്കുന്നത് കാണുന്നത് പ്രചോദനമാണെന്ന് ​ഗോകുൽ ഫേസ്ബുക്കിൽ കുറിക്കുന്നു. സുരേഷ് ​ഗോപിയുടെ പ്രസം​ഗം പങ്കുവച്ചു കൊണ്ടായിരുന്നു ​ഗോകുലിന്‍റെ പ്രതികരണം. 

‘വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കുമ്പോഴും അച്ഛൻ ജനങ്ങൾക്കു വേണ്ടി വാദിക്കുന്നു. എന്റെ പ്രചോദനം, എന്റെ സൂപ്പര്‍ഹീറോ, എന്നാണ് വീഡിയോയ്ക്കൊപ്പം ​ഗോകുൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുകയും സുരേഷ് ​ഗോപിയെ അഭിനന്ദിക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസം തന്നെ സുരേഷ് ​ഗോപിയുടെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

കേരളത്തിലെ ആദിവാസികളുടെ സ്ഥിതി വളരെ പരിതാപകപമാണെന്നും സംസ്ഥാനത്തേക്ക് ട്രൈബൽ കമ്മീഷനെ അയയ്ക്കണമെന്നും സുരേഷ് ഗോപി രാജ്യ സഭയിൽ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നില്ല. കോളനികളിൽ കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത അവസ്ഥയാണ്.

ഇടമലകുടിയിൽ വൈദ്യുതി വിതരണത്തിന് എംപി ഫണ്ടിൽ നിന്ന് അനുവദിച്ച പണം ലാപ്സായെന്നും സ്വന്തം കൈയിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് ആദിവാസി ഊരുകളിൽ സഹായമെത്തിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. വയനാടിനെ കേന്ദ്ര സർക്കാർ പാക്കേജിൽ ഉൾപ്പെടുത്താൻ ശ്രമിച്ചപ്പോൾ കേരള ചീഫ് സെക്രട്ടറി നിഷേധാത്മക സമീപനം സ്വീകരിച്ചെന്നും എംപി ആരോപിച്ചിരുന്നു. 

അതേസമയം, ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സുരേഷ് ​ഗോപിയുടെ പാപ്പൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാസ്വാദകർ. മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പന്റെ രണ്ടാം ഷെഡ്യൂള്‍ ഡിസംബർ 13ന് ആരംഭിച്ചിരുന്നു. പിന്നാലെ ജനുവരിയിൽ ചിത്രീകരണവും പൂർത്തിയാക്കി. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. 

Read Also: SG 253 : സുരേഷ് ​ഗോപിയുടെ 253-ാം ചിത്രം, സംവിധാനം ജിബു ജേക്കബ്; അഭിനേതാക്കളെ തേടുന്നു

'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രത്തില്‍ 'എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

അടുത്തിടെ തന്റെ 253മത്തെ ചിത്രവും സുരേഷ് ​ഗോപി പ്രഖ്യാപിച്ചിരുന്നു. ജിബു ജേക്കബ് ആണ് സംവിധാനം. ചിത്രത്തെ സംബന്ധിച്ച മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ പത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.