തൃഷ നായികയാവുന്ന ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ് തുടങ്ങിയവരും

അജിത്ത് കുമാര്‍ നായകനായ ഏറ്റവും പുതിയ ചിത്രം ഗുഡ് ബാഡ് അഗ്ലി ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ഒന്നാണ്. ഏപ്രില്‍ 10 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. മൈത്രി മൂവി മേക്കേഴ്സ് ആയിരുന്നു നിര്‍മ്മാതാക്കള്‍. ആരാധകര്‍ക്കിടയില്‍ ഏറെക്കാലത്തിന് ശേഷം ഒരു അജിത്ത് ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചത്. ഗുഡ് ബാഡ് അഗ്ലിയിലൂടെ ആയിരുന്നു. അത് ബോക്സ് ഓഫീസിലും പ്രതിഫലിച്ചു. അജിത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 250 കോടിക്ക് അടുത്താണ് ചിത്രം നേടിയ കളക്ഷന്‍. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തമിഴിന് പുറമെ മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം നെറ്റ്ഫ്ലിക്ലിലൂടെ കാണാനാവും.

തൃഷ നായികയാവുന്ന ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകന്‍. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. മലയാളത്തില്‍ ആമേന്‍, ബ്രോഡാഡി അടക്കമുള്ള സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച അഭിനന്ദന്‍ ആയിരുന്നു ആദിക് രവിചന്ദ്രന്‍റെ കഴിഞ്ഞ ചിത്രമായ മാര്‍ക്ക് ആന്‍റണിയുടെയും ഛായാഗ്രഹണം. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്‍. അജിത്ത് കുമാറിന്‍റെ കരിയറിലെ 63-ാം ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അജിത്ത് കുമാര്‍ നായകനാവുന്ന രണ്ട് ചിത്രങ്ങളാണ് തുടര്‍ച്ചയായി തിയറ്ററുകളിലേക്ക് എത്തിയത്. അതില്‍ ആദ്യത്തെ ചിത്രം, മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയര്‍ച്ചി ഫെബ്രുവരി 6 ന് എത്തിയിരുന്നു. എന്നാല്‍ പ്രേക്ഷകപ്രീതി നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. പുഷ്പ അടക്കമുള്ള മെഗാ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ഗുഡ് ബാഡ‍് അഗ്ലി നിര്‍മ്മിച്ചത്. ബോക്സ് ഓഫീസ് കളക്ഷന്‍ കൂടാതെ മറ്റ് റൈറ്റ്സുകളിലൂടെയും മികച്ച തുകകളാണ് ചിത്രം നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം