അമിതാബ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, മകള്‍ ആരാധ്യ ബച്ചന്‍ എന്നിവര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇതോടെ ബച്ചന്‍ കുടുംബത്തിന്റെ രേഗമുക്തിക്കായി ആശംസയുമായി സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.

ആദ്യം തനിക്ക് കൊവിഡ് ആണെന്ന് വ്യക്തമാക്കിയത് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ ആണ്. ഇതോടെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാം പ്രാര്‍ത്ഥനയുമായെത്തി. തുടര്‍ന്ന് അഭിഷേക് ബച്ചനും പിന്നാലെ ഐശ്വര്യ റായിക്കും മകള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഹേമമാലിനി, തപ്‌സി പന്നു, സൊനം കപൂര്‍ എന്നിവര്‍ക്ക് പുറമെ നടനും ഐശ്വര്യയുടെ മുന്‍ കാമുകനുമായ വിവേക് ഒബ്രോയിയും പ്രാര്‍ത്ഥനയുമായെത്തി. അമിതാഭ് ബച്ചനും കുടുംബവും എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നാണ് താരം ആശംസിച്ചത്.

കൊവിഡ് സ്ഥിരീകരിച്ചതോടെ അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ജുഹുവിലെ വീട്ടില്‍ നിന്ന് അടുത്തുള്ള നാനാവതി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇരുവര്‍ക്കും കാര്യമായ രോഗലക്ഷണങ്ങളില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചിരുന്നു. ബച്ചനും മകനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബാംഗങ്ങളും ജീവനക്കാരും പരിശോധനയ്ക്ക് വിധേയരായിരുന്നു.

മാര്‍ച്ച് 25 മുതല്‍ ജുഹുവിലെ വീട്ടില്‍ തന്നെയായിരുന്നു അമിതാഭ് ബച്ചന്‍. കോന്‍ ബനേഗാ കരോട്പതി അടക്കം തന്റെ ചില ടെലിവിഷന്‍ ഷോയുടെ പ്രചാരണ വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബച്ചന്‍ ഷൂട്ട് ചെയ്തിരുന്നു. ചാനല്‍ സംഘാംഗങ്ങള്‍ വീട്ടിലെത്തിയായിരുന്നു ഷൂട്ടിംഗ്. ഇവരില്‍ നിന്നാവാം രോഗബാധയുണ്ടായതെന്നാണ് സൂചന.