ഇന്ത്യന്‍‌ സിനിമയുടെ 100 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹരായ അപൂര്‍വ്വം പേരേയുള്ളൂ

സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ഇന്ത്യന്‍ സിനിമയില്‍ എല്ലായ്പ്പോഴും ചാര്‍ത്തപ്പെടാറ് പുരുഷ താരങ്ങളുടെ പേരോട് ചേര്‍ത്താണ്. അതിന് അപവാദമായി ഇന്ത്യന്‍‌ സിനിമയുടെ 100 വര്‍ഷത്തെ ചരിത്രമെടുത്താല്‍ അപൂര്‍വ്വം പേരേയുള്ളൂ. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷത്തില്‍ ഇപ്പോള്‍ പലരും ഉണ്ടെങ്കിലും ആദ്യമായി ആ വിളി സൃഷ്ടിച്ചത് ശ്രീദേവിയാണ്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങി അഭിനയിച്ച ഭാഷകളിലെല്ലാം ആസ്വാദനമനം കവര്‍ന്ന ശ്രീദേവി ഇപ്പോഴുമുണ്ടായിരുന്നെങ്കില്‍ 60-ാം പിറന്നാള്‍ ആഘോഷിച്ചേനെ അവര്‍. തലമുറകളുടെ പ്രിയ അഭിനേത്രിയുടെ 60-ാം ജന്മവാര്‍ഷികം ഓര്‍മ്മിപ്പിച്ച് എത്തിയിരിക്കുകയാണ് പ്രമുഖ സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍. ശ്രീദേവിയുടെ മനോഹരമായ ചിത്രീകരണമാണ് ഇന്നത്തെ അവരുടെ ഡൂഡില്‍.

1963 ഓഗസ്റ്റ് 13 ന് ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛൻ അയ്യപ്പൻ അഭിഭാഷകനായിരുന്നു. രാജേശ്വരിയാണ് അമ്മ. തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ തന്നെ ശ്രീദേവി സിനിമയില്‍ മുഖം കാണിച്ചു. മലയാളത്തിലും ബാലതാരമായി തന്നെ എത്തി. ‘പൂമ്പാറ്റ’ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡും ലഭിച്ചു. 

1976 ൽ പതിമൂന്നാം വയസ്സിൽ, കെ ബാലചന്ദർ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തിൽ കമൽഹാസനും രജനീകാന്തിനുമൊപ്പമാണ് നായികയായുള്ള അരങ്ങേറ്റം. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. 1981 ൽ മൂന്നാംപിറൈയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. 

മൂണ്ട്രു മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കൾ, മൂന്നാം പിറ, മിസ്റ്റർ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. കുമാരസംഭവം, പൂമ്പാറ്റ, ആന വളർത്തിയ വാനമ്പാടിയുടെ മകൻ, സത്യവാൻ സാവിത്രി, ദേവരാഗം തുടങ്ങി ഇരുപതിലേറെ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 

ദുബൈയിലെ ജുമൈറ ടവേർസ് ഹോട്ടൽമുറിയില്‍ 2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം. ബാത്ത് ടബ്ബിൽ മുങ്ങി മരിച്ചുവെന്നായിരുന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചത്. തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയാണു മരണമെന്ന് ദുബൈ പൊലീസ് വ്യക്തമാക്കിയിരുന്നു. 

ALSO READ : ഒന്‍പത് മാസത്തിന് ശേഷം ഒടിടിയില്‍; 'വിവാഹ ആവാഹനം' സ്ട്രീമിംഗ് ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം