കാതലേ...കാതലേ എന്ന സൂപ്പര്‍ ഹിറ്റ് ഗാനവുമായി ഗോവിന്ദ് വേദി കീഴടക്കിയപ്പോള്‍ പിതാവ് പീതാംബര മേനോന്‍ തകര്‍പ്പന്‍ പാട്ടുമായി കാണികളെ ആവേശത്തിലാക്കി. 

കൊച്ചി: മന്ദാരചെപ്പുമായി മലയാളികളുടെ ഹൃദയത്തിലേക്ക് താളം തെറ്റാതെ കയറിയ മ്യൂസിക് ബാന്‍ഡാണ് 'തൈക്കുടം ബ്രിഡ്ജ്'. ഹിറ്റായ ബാന്‍ഡില്‍ ഗിറ്റാറുമായി വന്ന താടിക്കാരന്‍ സംഗീത പ്രേമികളുടെ കൈയ്യടി നേടി. സംഗീത സംവിധായകനും ഗായകനും ഗിറ്റാറിസ്റ്റുമായ ഗോവിന്ദ് വസന്തയുടെ കരിയറിലെ വഴിത്തിരിവായിരുന്നു തൈക്കുടം ബ്രിഡ്ജ്. മലയാളത്തില്‍ ഒരുപിടി വ്യത്യസ്ത ഗാനങ്ങള്‍ ഒരുക്കിയ ഗോവിന്ദ് തമിഴിലെ പോയവര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായ '96' നും സംഗീതം നല്‍കി. എന്നാല്‍ ഗോവിന്ദിന്‍റെ കഴിവുകള്‍ സ്വതസിദ്ധമല്ല അച്ഛനില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാണെന്ന് അംഗീകരിക്കുകയാണ് സംഗീതാസ്വാദകരും സോഷ്യല്‍ മീഡിയയും. 

കാതലേ...കാതലേ എന്ന സൂപ്പര്‍ ഹിറ്റ് ഗാനവുമായി ഗോവിന്ദ് വേദി കീഴടക്കിയപ്പോള്‍ പിതാവ് പീതാംബര മേനോന്‍ തകര്‍പ്പന്‍ പാട്ടുമായി കാണികളെ ആവേശത്തിലാക്കി. വനിതാ ചലച്ചിത്ര പുരസ്കാര സമര്‍പ്പണ വേദിയിലായിരുന്നു ഈ അച്ഛന്‍-മകന്‍ പോരാട്ടം. 

'അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്'...പീതാംബര മേനോന്‍റെ പാട്ട് കേട്ടതോടെ സദസ്സ് ഇളകിമറിഞ്ഞു. പാട്ടിനൊപ്പം നൃത്തം കൂടി ആയതോടെ പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞു, 'പീതാംബര മേനോന്‍ വേറെ ലെവല്‍'. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ വീഡിയോ.