മുംബൈ: യഷ് രാജ് ഫിലിംസിന്‍റെ കാറിടിച്ച് മകന് പരിക്കേറ്റിട്ട് യഷ് ചോപ്രയുടെ കുടുംബം വിവരം അന്വേഷിച്ചില്ലെന്ന പരാതിയുമായി ചലചിത്ര താരം ഗോവിന്ദ. ബുധനാഴ്ചയാണ്  അമിതാഭ് ബച്ചന്‍റെ വീടിന് സമീപം വച്ച് ഗോവിന്ദയുടെ മകന്‍ യഷ് വര്‍ദ്ധന്‍ അഹൂജയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. അവരുടെ പ്രവര്‍ത്തിയില്‍ ഞെട്ടലുണ്ടെന്നും ഗോവിന്ദ പ്രതികരിക്കുന്നു

യഷ് ചോപ്രയുടെ ഭാര്യ പമേല ചോപ്രയുടെ വാഹനമാണ് അപകടത്തിന് കാരണമായത്. യഷ് രാജ് ഫിലിംസിന്‍റെ പ്രൊർക്ഷന്‍ മാനേജരായ റിഷഭ് ചോപ്ര തങ്ങള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ വന്നിരുന്നു. അപകടത്തില്‍ കാറിന്‍റെ ഡ്രൈവര്‍ ക്ഷമാപണം നടത്തിയിരുന്നുവെന്നും ഗോവിന്ദ പറയുന്നു. എങ്കിലും ഏറെക്കാലത്തെ ബന്ധമുള്ള യഷ് രാജ് കുടുംബം മകനേക്കുറിച്ച് തിരക്കിയില്ലെന്നാണ് ഗോവിന്ദയുടെ പരാതി. 

മകന് അപകടത്തില്‍ ഗുരുതര പരിക്കില്ലെന്ന് ഗോവിന്ദ് പറയുന്നു. കൈയ്ക്കാണ് പരിക്ക്. എന്നാല്‍ കാറിന് കാര്യമായ കേടുപാടുകള്‍ ഉണ്ടെന്നും ഗോവിന്ദ വിശദമാക്കിയതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഡ്രൈവര്‍ ക്ഷമാപണം നടത്തുകയും യഷ് രാജ് ഫിലിംസുമായി ഏറെക്കാലത്തെ ബന്ധമുള്ളതിനാലുമാണ് പൊലീസില്‍ പരാതി നല്‍കാത്തതെന്നും ഗോവിന്ദ പറയുന്നു. യഷ് വര്‍ദ്ധന്‍ അഹൂജയ്ക്ക് സംഭവിച്ച അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.