ക്യാമ്പിന്റെ ആദ്യ ദിനത്തിൽ സി എസ് സുജാത, ഷാനിമോൾ ഉസ്മാൻ എന്നിവർ ഒരുമിച്ച് പങ്കെടുത്ത അടുക്കളയിൽ നിന്ന് അമരത്തേക്ക് എന്ന സെഷൻ ചർച്ചകളാൽ സമ്പന്നമായിരുന്നു
തിരുവനന്തപുരം: കേരളത്തിലെ കലാലയ വിദ്യാർത്ഥികളുടെ സാംസ്കാരിക സംഘടനയായ ഹസ്കേ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മധുരപ്പാവയ്ക്ക ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി. തിരുവനന്തപുരം പടിഞ്ഞാറേകേട്ട മിത്രനികേതൻ സിറ്റി സെന്ററിൽ വച്ച് നടക്കുന്ന ക്യാമ്പ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. വർത്തമാനകാലത്ത് ഇത്തരത്തിലുള്ള യുവജനങ്ങളുടെ ഒത്തുചേരലുകൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് ഗുണപരമായസംവാദങ്ങളുടെ വേദിയായി മാറണമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
ക്യാമ്പിന്റെ ആദ്യ ദിനത്തിൽ സി എസ് സുജാത, ഷാനിമോൾ ഉസ്മാൻ എന്നിവർ ഒരുമിച്ച് പങ്കെടുത്ത അടുക്കളയിൽ നിന്ന് അമരത്തേക്ക് എന്ന സെഷൻ ചർച്ചകളാൽ സമ്പന്നമായിരുന്നപ്പോൾ ശാസ്ത്രബോധത്തോടെയുളള ജീവിതത്തിന് മനുഷ്യന്റെ ചിന്താ പരിസരത്തെ എങ്ങനെ സജ്ജമാക്കണമെന്ന തിരിച്ചറിവ് സമ്മാനിക്കുന്നതായിരുന്നു ഡോ. വൈശാഖൻ തമ്പിയുടെ സെഷൻ. കേരള ടൂറിസം വകുപ്പ് ഡയറക്ടർ പി ബി നൂഹ് ഐ എ എസ് നയിച്ച സെഷൻ കുട്ടികൾക്ക് നവീനമായ ദിശാബോധം നൽകാനുതകുന്നതായിരുന്നു. കുമാരനാശാന്റെ ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി എന്നീ കവിതകളെ കേന്ദ്രമാക്കി ദുരവസ്ഥയിലെ സംഘർഷം ചണ്ഡാലഭിക്ഷുകിയിൽ മറയുമ്പോൾ എന്ന വിഷയത്തിൽ കെ ഇ എൻ കുഞ്ഞഹമ്മദ് സംസാരിച്ചു. പി വി ഷാജികുമാർ തന്റെ കഥകളെയും തിരക്കഥകളെയും കുറിച്ചും എൻ എസ് സുമേഷ് കൃഷ്ണൻ മലയാള കവിതയുടെ വഴികളെക്കുറിച്ചും കുട്ടികളുമായി സംവദിച്ചു.
പ്രമുഖ ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റായ ശീതൾ ശ്യാമിന്റെ പങ്കാളിത്തവും ക്യാമ്പിനെ ശ്രദ്ധയമാക്കുന്ന ഘടകങ്ങളിലൊന്നാണ്യ മൂന്ന് ദിനങ്ങളിലായി നടക്കുന്ന ക്യാമ്പിന്റെ ആദ്യദിനത്തിൽ സൂര്യകൃഷ്ണമൂർത്തി സംവിധാനം ചെയ്ത പ്രേമലേഖനം എന്ന നാടകത്തിന്റെ അവതരണവുമുണ്ടായിരുന്നു. കുട്ടികളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ കൊണ്ടും സജീവമാണ് ക്യാമ്പ്. വരും ദിവസങ്ങളിൽ ഏഴാച്ചേരി രാമചന്ദ്രൻ, സൂര്യ കൃഷ്ണമൂർത്തി, മുരുകൻ കാട്ടാക്കട, മാതു സജി, സജു രവീന്ദ്രൻ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കും.

