'ബറോസി'ലെ കഥാപാത്രത്തെ കുറിച്ച് ഗുരു സോമസുന്ദരം.

മോഹൻലാല്‍ സംവിധാനം ചെയ്യുന്നുവെന്നതുകൊണ്ടു തന്നെ പ്രേക്ഷകരുടെ സജീവ ചര്‍ച്ചയിലുള്ള ചിത്രമാണ് 'ബറോസ്'. മോഹൻലാല്‍ തന്നെ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 'ബറോസ്' എന്ന ചിത്രത്തില്‍ ഗുരുസോമസുന്ദരം അവതരിപ്പിച്ച കഥാപാത്രത്തിന്റെ വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

'മിന്നല്‍ മുരളി' എന്ന ചിത്രത്തിലെ 'ഷിബു'വെന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയം നേടിയ നടനാണ് ഗുരു സോമസുന്ദരം. ഗുരു സോമസുന്ദരത്തിന് മോഹൻലാല്‍ ചിത്രത്തിലും മികച്ച ഒരു വേഷമാണ്. പൊലീസ് കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഗുരുസോമസുന്ദരം അഭിനയിക്കുന്നത്. 'ബറോസി'ല്‍ മോഹൻലാലിനൊപ്പം തനിക്ക് ചില രംഗങ്ങളുണ്ടെന്നും ഗുരുസോമസുന്ദരം റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വളരെ സ്നേഹസമ്പന്നനായ ഒരു വ്യക്തിയാണ് മോഹൻലാല്‍. ഏറെ പരിചയസമ്പന്നനായ ഒരു സംവിധായകനെ പോലെയാണ് മോഹൻലാല്‍ കഥാപാത്രത്തെ വിവരിച്ചുനല്‍കുന്നത്. ചെയ്യേണ്ടത് എന്താണ് എന്ന് അദ്ദേഹം പറഞ്ഞുതരം. സംവിധായകൻ പറയുന്ന രീതിയില്‍ മാത്രമാണ് താൻ അഭിനയിക്കുക എന്നും ഗുരു സോമസുന്ദരം പറഞ്ഞു. 'ബറോസി'ലെ ക്യാരക്ടര്‍ റോള്‍ തനിക്ക് ഏറെ ഇഷ്‍ടപ്പെട്ടതാണ്. ബറോസ് ഇതുവരെ ചെയ്‍തതില്‍ വെച്ചേറ്റവും വലിയ സിനിമയാണ്. കുറെ അഭിനേതാക്കള്‍, കോസ്റ്റ്യൂംസ്, ടെക്‍നീഷ്യൻസ്, കഥ തുടങ്ങിയെല്ലാം ഭയങ്കരമാണ് എന്നും ഗുരു സോമസുന്ദരം പറഞ്ഞു.

ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. അഭ്യാസം തികഞ്ഞൊരു സംവിധായകൻ തന്നെയാണ് മോഹൻലാൽ എന്നും നല്ലൊരു സിനിമയായിരിക്കും ബറോസ് എന്നതിന് തനിക്ക് യാതൊരു സംശയവും ഇല്ലെന്നും ടി കെ രാജീവ് കുമാർ പറഞ്ഞു. 'ബറോസി'ല്‍ മോഹൻലാലിനൊപ്പം ടി കെ രാജീവ് കുമാറും പ്രവര്‍ത്തിക്കുന്നുണ്ട്.

Read More: 'കൈതി 2'ന്റെ അപ്ഡേറ്റുമായി നടൻ കാര്‍ത്തി