Asianet News MalayalamAsianet News Malayalam

'ഗോദയില്‍ ഞാനത് കണ്ടതാണ്'; സംഘട്ടന രംഗങ്ങളിലെ ടൊവീനോയുടെ സാഹസികതയെക്കുറിച്ച് ഹരീഷ് പേരടി

'വലിയ സങ്കടമുള്ള ദിവസമാണിന്ന്. മനുഷ്യത്വമുള്ള നമ്മുടെ ചങ്കാണ്. കഥാപാത്രങ്ങളുടെ മനസ്സ് പിടിക്കാൻ എന്തു സാഹസവും ചെയ്യും. സംഘട്ടന രംഗങ്ങളിൽ അത് അങ്ങേയറ്റമാണ്..'

hareesh peradi about dedication of actor tovino thomas
Author
Thiruvananthapuram, First Published Oct 8, 2020, 12:34 AM IST

മലയാളി ഇന്നലെ ആശങ്കയോടെ കേട്ട വാര്‍ത്തകളില്‍ ഒന്നാണ് നടന്‍ ടൊവീനോ തോമസിന് ഷൂട്ടിംഗിനിടെ പരിക്കേറ്റ് ചികിത്സയിലാണെന്ന വിവരം. രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന 'കള' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ടൊവീനോയ്ക്ക് പരിക്കേറ്റത്. പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹമിപ്പോള്‍. മൂന്നു ദിവസം മുന്‍പ് പിറവത്തെ ലൊക്കേഷനില്‍ വച്ച് ചിത്രീകരിച്ച സംഘട്ടന രംഗത്തിനിടെ വയറിനു ചവിട്ടേറ്റതാണ് പരിക്കിന് കാരണമായത്. ഇത്തരം രംഗങ്ങളില്‍ ടൊവീനോ കാട്ടാറുള്ള ആത്മാര്‍ഥമായ സമീപനത്തെക്കുറിച്ച് പറയുകയാണ് നടനും സഹപ്രവര്‍ത്തകനുമായ ഹരീഷ് പേരടി. ഒപ്പം അഭിനയിച്ച 'ഗോദ' എന്ന ചിത്രത്തില്‍ താന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ് അതെന്നും പേരടി പറയുന്നു.

"വലിയ സങ്കടമുള്ള ദിവസമാണിന്ന്. മനുഷ്യത്വമുള്ള നമ്മുടെ ചങ്കാണ്. കഥാപാത്രങ്ങളുടെ മനസ്സ് പിടിക്കാൻ എന്തു സാഹസവും ചെയ്യും. സംഘട്ടന രംഗങ്ങളിൽ അത് അങ്ങേയറ്റമാണ്. ഗോദയിൽ ഞാൻ നേരിട്ട് കണ്ടതാണ്. കട്ട് ചെയ്യാത്ത അഞ്ച് മിനിട്ടോളം നീണ്ടുനിൽക്കുന്ന ഒറ്റ ഷോട്ടിൽ പോവുന്ന ഒരു ഗുസ്തിയുടെ ചിത്രികരണം. എന്നോട് ആവേശത്തോടെ പറഞ്ഞിട്ടുണ്ട് +2 വിന് പഠിക്കുമ്പോൾ കാക്കശങ്കരന്‍റെ സംഘട്ടനങ്ങൾ കാണാൻ ടിവിയുടെ മുന്നിൽ കാത്തിരിക്കുന്നത്. എന്‍റെ ടോവിമുത്ത് ഇനിയും സിനിമകളിൽ പൂർവ്വാധികം ശകതിയോടെ വന്ന് തകർക്കും എന്നെനിക്കുറപ്പാണ്. കാരണം അത്രയും ഇച്ഛാശക്തിയുള്ള നടനാണ്. മനുഷ്യനാണ്.. നിങ്ങളുടെ പ്രാർത്ഥനകളിൽ നൻമകളിൽ ഇന്ന് അവനെയും ഉൾപ്പെടുത്തുക..", ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

hareesh peradi about dedication of actor tovino thomas

 

മൂന്നു ദിവസം മുന്‍പാണ് പരിക്കേറ്റതെങ്കിലും ഇന്നു രാവിലെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ടൊവീനോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios