മരക്കാറില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷവും താരം ഫേസ്ബുക്കില്‍ പങ്കുവച്ചു.
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രമായി ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ‘ത്തെയാണ് തിരഞ്ഞെടുത്തത്. നിരവധി പേരാണ് മോഹന്‍ലാലിനും സംവിധായകൻ പ്രിയദര്‍ശനും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ നടന്‍ ഹരീഷ് പേരടിയും ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുകയാണ്. മരക്കാറില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷവും താരം ഫേസ്ബുക്കില്‍ പങ്കുവച്ചു.
താന്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് തിയറ്ററിലെ ഒരു രൂപ ടിക്കറ്റിന് മുന്‍ സീറ്റിലിരുന്ന് ‘പൂച്ചക്കൊരുമുക്കുത്തി’ എന്ന ചിത്രം കണ്ട് പൊട്ടിച്ചിരിച്ചിട്ടുണ്ട്. അന്ന് തന്റെ സ്വപ്‌നത്തില്‍ പോലും മോഹന്‍ലാലിനും, പ്രിയദര്‍ശനും ഒപ്പം ഒരു സിനിമ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഹരീഷ് പറയുന്നത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു പ്രീഡിഗ്രിക്കാരൻ 1984-ൽ കോഴിക്കോട് അപ്സര തിയ്യറ്ററിലെ ഏറ്റവും മുന്നിലുള്ള ഒരു രൂപയുടെ ടിക്കറ്റിലിരുന്ന് പൂച്ചക്കൊരുമുക്കുത്തി കണ്ട് ആർത്ത് ചിരിക്കുമ്പോൾ ഈ രണ്ട് പ്രതിഭകളുടെ കൂടെ ഇങ്ങിനെയൊരു സിനിമ എന്റെ സ്വപ്നത്തിന്റെ ഏഴയലത്തില്ലായിരുന്നു...പക്ഷെ ഈ രണ്ടു പേരുടെയും സ്വപ്നം ദേശീയ പുരസ്ക്കാരത്തിന്റെ നിറവിൽ നിൽക്കുമ്പോൾ ഞാനും അതിന്റെ ഭാഗമാണെന്നത് സ്വപ്നവും യാഥാർത്ഥ്യവുമായ എന്റെ നാടക വഴിയുടെ പുണ്യമാവുന്നു...ലാൽസാർ...പ്രിയൻസാർ...അഭിനന്ദനങ്ങൾ ...
