നാടകത്തിലും സിനിമയിലും ഒരുപോലെ സൗഹൃദങ്ങളുള്ള താരമായിരുന്നു അനില്‍ പി നെടുമങ്ങാട്. സൗഹൃദങ്ങള്‍ക്ക് വളരെ വില കല്‍പ്പിച്ച താരം. അനില്‍ പി നെടുമങ്ങാടിന്റെ അകാല മരണവാര്‍ത്ത വലിയ ഞെട്ടലോടെയായിരുന്നു എല്ലാവരും കേട്ടത്. അഭിപ്രായ വ്യാത്യാസങ്ങൾ ഞങ്ങൾക്കിടയിൽ കുറവായിരുന്നുവെന്നാണ് അനില്‍ പി നെടുമങ്ങാടിനെ അനുസ്‍മരിച്ച് നടൻ ഹരീഷ് പേരടി പറയുന്നത്. അനില്‍ പി നെടുമങ്ങാടിനൊപ്പമുള്ള ഫോട്ടോ ഹരീഷ് പേരടി ഷെയര്‍ ചെയ്‍തിട്ടുണ്ട്. അനില്‍ നെടുമങ്ങാടിനെ കുറിച്ചുള്ള  സൗഹൃദത്തെ കുറിച്ചാണ് ഹരീഷ് പേരടി പറയുന്നത്.

ഏതോ നാടക രാത്രിയിൽ തുടങ്ങിയ ബന്ധം. സിനിമയുടെ രാത്രികൾ അതിനെ സജീവമാക്കി. ഒന്നിച്ചിരിക്കുമ്പോൾ കൂടുതലും ഞങ്ങൾ നാടകത്തെപറ്റിയായിരുന്നു വർത്തമാനം പറഞ്ഞിരുന്നത്. അഭിപ്രായ വ്യാത്യാസങ്ങൾ ഞങ്ങൾക്കിടയിൽ കുറവായിരുന്നു. ഇപ്പോൾ ഞാൻ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയിൽ 30 ന് അവൻ എത്തും എന്ന് പറഞ്ഞപ്പോൾ തൊട്ട് അടുത്ത റൂം തന്നെ അവന് കൊടുക്കണം എന്ന് പറഞ്ഞ് കാത്തിരിക്കുകയായിരുന്നു. ഇനി നീ ഒരിക്കലും വരില്ലെന്ന അറിയുന്ന ആ രാത്രികളിൽ ഒറ്റക്ക് പറയാം ചിയേർസ് എന്ന് ഹരീഷ് പേരടി പറയുന്നു.

ക്രിസ്‍മസ് ദിവസമായിരുന്നു അനില്‍ പി നെടുമങ്ങാട് അന്തരിച്ചത്.

മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി മരിക്കുകയായിരുന്നു അനില്‍ പി നെടുമങ്ങാട്.