പുതിയ ചിത്രത്തിനായി പുത്തൻ ലുക്കിൽ എത്തിയിരിക്കുകയാണ് മോഹൻലാൽ.

പുതിയ ചിത്രത്തിന് വേണ്ടി പുത്തന്‍ ലുക്കില്‍ മോഹന്‍ലാല്‍. വന്‍ വിജയം നേടിയ തുടരും എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനുവേണ്ടിയാണ് പുതിയ ലുക്ക്. താടി പൂര്‍ണ്ണമായും കളഞ്ഞ് കട്ടി മീശ വച്ചുള്ളതാണ് പുതിയ ലുക്ക്. ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഇത്. അതിനായാണ് പുതിയ ലുക്കില്‍ മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുതിയ ലുക്കിലുള്ള തന്‍റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

എല്‍ 366

മോഹന്‍ലാലിന്‍റെ കരിയറിലെ 366-ാം ചിത്രത്തിന്‍റെ വര്‍ക്കിംഗ് ടൈറ്റില്‍ എല്‍ 366 എന്നാണ്. സിനിമയുടെ ചിത്രീകരണത്തിന് ഇന്ന് തൊടുപുഴയില്‍ തുടക്കമായി. ലൊക്കേഷനില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നേരത്തെ ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ച് നടന്നിരുന്നു. അതേസമയം ദൃശ്യം 3 ന് ശേഷം മോഹന്‍ലാല്‍ വീണ്ടും തൊടുപുഴയിലേക്ക് ചിത്രീകരണത്തിനായി എത്തുകയാണ് ഈ സിനിമയ്ക്ക് വേണ്ടി. നിരവധി വിജയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുളള ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 21-ാമത്തെ ചിത്രം കൂടിയാണിത്. പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാൽ ഒരു പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

രതീഷ് രവിയുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ഷാജികുമാർ, എഡിറ്റിംഗ് വിവേക് ഹർഷൻ, ശബ്ദസംവിധാനം വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം മഷർ ഹംസ, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, കോ ഡയറക്റ്റര്‍ ബിനു പപ്പു, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, സഹസംവിധാനം ബിനു പപ്പു, മേക്കപ്പ് റോണെക്‌സ് സേവിയര്‍. സെൻട്രൽ പിക്‌ചേഴ്‌സ് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming