ഴയ പാട്ടുകള്‍ മനോഹരമായി സ്‌റ്റേജുകളില്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. ഹരീഷിന്റെ പാട്ട് വീഡിയോകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും തരംഗമാകാറുണ്ട്. 'അകം' എന്ന  സംഗീത ബാന്‍ഡിന് പുറമെ മലയാളത്തില്‍ പിന്നണി ഗാനരംഗത്തും സജീവമാണ് ഹരീഷ്. ഇപ്പോഴിതാ ഹരീഷിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.

തന്‍റെ മകൾ ശ്രേയയേയും അവളെ പഠിപ്പിച്ച ചില കാര്യങ്ങളേയും പറ്റി പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. ഇത് എന്‍റെ മകളാണ് എന്ന് കുറിച്ചുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. ഇവൾക്ക് രുചിയുള്ള ഭക്ഷണവും രുചിയില്ലാത്ത ഭക്ഷണവും തിരിച്ചറിയാൻ അറിയാം, അവൾ അത്‌ വ്യക്തമായി പറയാറും ഉണ്ട്. കിട്ടുന്ന ഭക്ഷണം പ്രിവിലേജ് ആണെന്ന് പറഞ്ഞു കൊടുക്കുമ്പോ തന്നെ വീട്ടിലെ ഒരേ ഒരു പുരുഷൻ ആയ ഞാൻ 'കഷ്ണം മുഴുവൻ എനിക്കും, പാതി ചാറ് നിനക്കും നിന്‍റെ അമ്മയ്ക്കും ' എന്നാണ് പ്രമാണം എന്ന് ഞാനോ അവളുടെ അമ്മയോ പറഞ്ഞു കൊടുത്തിട്ടില്ലെന്നും ഹരീഷ് കുറിക്കുന്നു.

പെണ്ണായാൽ അറപ്പും ഇഷ്ടക്കുറവും ഒക്കെ കളഞ്ഞു ആദർശവതി ആവണം എന്ന് ആരെങ്കിലും പറഞ്ഞാൽ അവരോടു പോയി പണി നോക്കാൻ പറയാൻ പ്രത്യേകം പറഞ്ഞു കൊടുത്തിട്ടുണ്ടെന്നും ഹരീഷ് പറയുന്നു. 

ഹരീഷ് ശിവരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇത് എന്റെ മകളാണ്...
ഇവൾക്ക് രുചിയുള്ള ഭക്ഷണവും രുചിയില്ലാത്ത ഭക്ഷണവും തിരിച്ചറിയാൻ അറിയാം, അവൾ അത്‌ വ്യക്തമായി പറയാറും ഉണ്ട് ... കിട്ടുന്ന ഭക്ഷണം പ്രിവിലേജ് ആണെന്ന് പറഞ്ഞു കൊടുക്കുമ്പോ തന്നെ വീട്ടിലെ ഒരേ ഒരു പുരുഷൻ ആയ ഞാൻ 'കഷ്ണം മുഴുവൻ എനിക്കും, പാതി ചാറ് നിനക്കും നിന്റെ അമ്മയ്ക്കും ' എന്നാണ് പ്രമാണം എന്ന് ഞാനോ അവളുടെ അമ്മയോ  പറഞ്ഞു കൊടുത്തിട്ടില്ല.

സ്വന്തം ജോലി അത് എന്ത് തന്നെ ആയാലും ( പാത്രം കഴുകുകയോ, ടോയ്ലറ്റ് വൃത്തിയാക്കുകയോ എന്ത് വേണെങ്കിൽ ആയിക്കോട്ടെ )- അത് സ്വയം ചെയ്യുക എന്നത് ഒരു ആന കാര്യം അല്ല - അവളായാലും ഞാൻ ആയാലും ആരായാലും എന്നും പറഞ്ഞു കൊടുത്തിട്ടുണ്ട്. പെണ്ണായാൽ അറപ്പും ഇഷ്ടക്കുറവും ഒക്കെ കളഞ്ഞു ആദർശവതി ആവണം എന്ന് ആരെങ്കിലും പറഞ്ഞാൽ അവരോടു പോയി പണി നോക്കാൻ പറയാൻ പ്രത്യേകം പറഞ്ഞു കൊടുത്തിട്ടുണ്ട്.
പിന്നെ പിൽക്കാലത്തു അവളുടെ വീട്ടിലോ, എന്റെ വീട്ടിലോ ഭർത്താവിന്റെ വീട്ടിലോ വാടക വീട്ടിലോ എവിടെയായാലും അവൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനും, അവൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, പ്രേമിക്കാനും, വിവാഹം കഴിക്കാനും കഴിക്കാതെ ഇരിക്കാനും, ആരുടേയും സമ്മതം വേണ്ട എന്നും പറഞ്ഞു കൊടുത്തിട്ടുണ്ട്.

സ്വന്തമായി അഭിപ്രായം ഉണ്ട് എന്ന കാരണത്താലോ, പാചകം അറിയില്ല എന്ന കാരണത്താലോ, ഇഷ്ടം അല്ലാത്ത കാര്യങ്ങൾ അവൾ ചെയ്യില്ല എന്ന കാരണത്താലോ വരുന്ന 'വരും വരായ്കകളെ ' അങ്ങോട്ട്‌ വരട്ടെ എന്ന് പറയാനും പഠിപ്പിച്ചിട്ടുണ്ട്. ഈ പഠിപ്പിച്ച കൊണ്ടുള്ള ബുദ്ധിമുട്ട് അവൾ സഹിച്ചോളും - ചുറ്റും ഉള്ള കുലമമ്മീസ് ആൻഡ് കുലഡാഡീസ്  വിഷമിക്കേണ്ടതില്ല.

ഇത് എന്റെ മകളാണ്... ഇവൾക്ക് രുചിയുള്ള ഭക്ഷണവും രുചിയില്ലാത്ത ഭക്ഷണവും തിരിച്ചറിയാൻ അറിയാം, അവൾ അത്‌ വ്യക്തമായി പറയാറും...

Posted by Harish Sivaramakrishnan on Sunday, 8 November 2020