സവിൻ സാ സംവിധാനം ചെയ്ത 'വാഴ 2' ആഗോളതലത്തിൽ 150 കോടിയിലധികം കളക്ഷൻ നേടി വൻ വിജയമായി. സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിറും സംഘവുമാണ് പ്രധാന വേഷങ്ങളിൽ.

ഹാഷിർ, അലൻ, വിനായക്, അജി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സവിൻ സാ സംവിധാനം ചെയ്ത 'വാഴ 2' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഏപ്രിൽ 2 ന് റിലീസ് ചെയ്ത ചിത്രം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 150 കോടിയിലേറെ നേടിയിരിക്കുകയാണ്. കേരളം ബോക്സ് ഓഫീസിൽ നിന്ന് മാത്രം 80 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്.

Add Asianetnews as a Preferred SourcegooglePreferred

സിനിമയിലെത്തും മുൻപ് യൂട്യുബിലും ഇൻസ്റ്റഗ്രാമിലും കണ്ടന്റ് വീഡിയോസ് ചെയ്തിരുന്ന ഹാഷിറും ടീമും സമൂഹമാധ്യമങ്ങളിൽ വൈറലായ പല റീലുകളിലൂടെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയവരാണ്. രണ്ട് വർഷം മുൻപുള്ള ഹാഷിറിന്റെയും ടീമിന്റെയും ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിനിടെ 'ഇവരൊക്കെ ആരാണ്?' 'അഭിമുഖം എടുക്കാൻ അമാത്രം എന്താണ് ഇവരുടെ യോഗ്യത' എന്ന തരത്തിലുള്ള ചില കമന്റുകൾ വന്നിരുന്നു. അതിന് മറുപടിയെന്നോണം തങ്ങളെ പരിചയപ്പെടുത്തികൊണ്ട് ഹാഷിർ കമന്റ് ചെയ്ത മറുപടിയാണ് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത്.

"ഇതിൽ എല്ലാവർക്കും നമ്മളെ അറിയണമെന്നില്ല. ചിലർ വന്നിട്ട് ഇവർ ആരാ, ഇവർ ആരാ എന്ന ചോദ്യം മായ്ക്കുന്നതിനു വേണ്ടി പരിചയപെടുത്തുന്നു എന്റെ പേര് ഹാഷിർ കൂടെ 3 പേരുണ്ട്, ഇൻസ്റ്റാഗ്രാമിലും യൂട്യുബിലും കോൺടെന്റ് വീഡിയോ ചെയ്യുന്നു, ഭാവിയിൽ ആരേലും ആകാം ഇല്ലേൽ ഇവിടെ എവിടേലും കാണാം." എന്നായിരുന്നു ഹാഷിറിന്റെ കമന്റ്. ഭാവത്തിൽ ആരേലും ആയല്ലോ എന്നാണ് നിരവധി പേര് ഇതിനു മറുപടിയായി കമന്റ് ചെയ്യുന്നത്.