ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: നടി രഞ്ജിനിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി
കമ്മിറ്റിക്ക് മുന്നിൽ താനും മൊഴി നൽകിയതാണെന്നും ഇക്കാര്യങ്ങളടക്കം പുറത്തുവന്നാലുളള പ്രത്യാഘാതങ്ങളിൽ ആശങ്കയുണ്ടെന്നും അതുകൊണ്ടുതന്നെ റിപ്പോർട്ട് പരിശോധിച്ചശേഷമേ പുറത്തുവിടാവൂ എന്നുമായിരുന്നു നടിയുടെ ആവശ്യം.
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ ഹർജി തള്ളി ഹൈക്കോടതി. സിംഗിൽ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി നടിയോട് പറഞ്ഞു. ഇന്ന് തന്നെ സിംഗില്‍ ബഞ്ചിനെ സമീപിച്ചാല്‍ കേസ് ഇന്നുതന്നെ പരിഗണിക്കുമെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ അവസരത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് രഞ്ജിനി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിർമ്മാതാവ് സജിമോൻ പാറയില്‍ നല്‍കിയ ഹര്‍ജി ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിക്കും.
ഹേമ കമ്മിറ്റിക്ക് മുന്നിൽ താനും മൊഴി നൽകിയതാണെന്നും ഇക്കാര്യങ്ങളടക്കം പുറത്തുവന്നാലുളള പ്രത്യാഘാതങ്ങളിൽ ആശങ്കയുണ്ടെന്നും അതുകൊണ്ടുതന്നെ റിപ്പോർട്ട് പരിശോധിച്ചശേഷമേ പുറത്തുവിടാവൂ എന്നുമായിരുന്നു നടിയുടെ ആവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന നിലപാടില്ലെന്ന് നടി രഞ്ജിനി വ്യക്തമാക്കിയിരുന്നു.
റിപ്പോർട്ട് പുറത്തുവിടരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. കോടതിയെ മാത്രമാണ് സമീപിച്ചത്. അതിന് തനിക്ക് നിയമപരമായ അവകാശമുണ്ട്. എൻ്റെ വാദം കൂടി കേട്ട ശേഷം റിപ്പോർട്ട് പുറത്തുവിടുന്നതിൽ തീരുമാനമെടുക്കുന്നത് സർക്കാർ ചെയ്യുന്ന നല്ല കാര്യമാണ്. അതിലൊരു തെറ്റുമില്ല. ഡബ്ല്യുസിസിയാണ് ഹേമ കമ്മിറ്റി രൂപീകരിക്കാനുള്ള കാരണം. രാജ്യത്ത് കേരളത്തിലാണ് ഇത് ആദ്യമായി ഒരു കമ്മീഷനെ വെച്ചത്. അതിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും താൻ അഭിനന്ദിക്കുന്നുവെന്നും രഞ്ജിനി നേരത്തെ ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവറില്‍ പറഞ്ഞിരുന്നു.
കോടതി ആവശ്യപ്പെട്ടാല്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ്, മൊഴി നല്‍കിയവര്‍ക്ക് ലഭ്യമാക്കാം എന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. ഒരുതരത്തിലും റിപ്പോര്‍ട്ട് പുറത്തുവരുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പ് ഇല്ലായെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചൊരു ഘട്ടത്തിലാണ് അവരുടെ ആശങ്ക കൂടി പരിഗണിച്ചാകണം റിപ്പോര്‍ട്ട് പുറത്തേക്ക് വരേണ്ടത് എന്ന നിലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിയത്.
'ജീവിതം എനിക്കൊരു ഭ്രാന്തൻ യാത്ര'; സുസുക്കി ജിംനിയെ ഒപ്പം കൂട്ടി അഭിരാമി, വില 12 മുതൽ 17 ലക്ഷം വരെ
കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു രഞ്ജിനി ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പ്രത്യേകാനുമതിയിലൂടെയാണ് ഡിവിഷൻ ബെഞ്ച് കപ്രാഥമികവാദം കേട്ടത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ഹേമ അധ്യക്ഷയായ കമ്മിറ്റി നൽകിയ റിപ്പോർട്ടാണ് ഹർജിക്ക് ആധാരം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..