Asianet News MalayalamAsianet News Malayalam

Kappela Movie | 'കപ്പേള'യുടെ മറുഭാഷാ റീമേക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഹൈക്കോടതി പിന്‍വലിച്ചു

ജില്ലാ കോടതി നേരത്തേ ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഹൈക്കോടതി പിന്‍വലിച്ചിരിക്കുന്നത്

high court withdraws ban on other language remake of malayalam movie kappela
Author
Thiruvananthapuram, First Published Nov 7, 2021, 4:14 PM IST

ജനപ്രിയ മലയാള ചിത്രം കപ്പേളയുടെ (Kappela) തെലുങ്ക് ഉള്‍പ്പെടെയുള്ള അന്യഭാഷാ റീമേക്കുകള്‍ക്കുള്ള വിലക്ക് ഹൈക്കോടതി പിന്‍വലിച്ചു. സിനിമയുടെ സഹഎഴുത്തുകാരനെന്ന് അവകാശപ്പെട്ട് സുധാസ്‌ എന്നയാള്‍ എറണാകുളം ജില്ലാ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കപ്പേളയുടെ അന്യഭാഷാ റീമേക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഹൈക്കോടതി പിന്‍വലിച്ചിരിക്കുന്നത്. തിയറ്റര്‍ റിലീസിനു ശേഷം നെറ്റ്ഫ്ളിക്സിലൂടെയുള്ള ഒടിടി റിലീസിനു പിന്നാലെ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് അവകാശം വിറ്റുപോയിരുന്നു. പിന്നീട് തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളിലേയ്ക്ക് ചിത്രം റീമേക്ക് ചെയ്യുവാനുള്ള ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. വീണ്ടും ഒരുവര്‍ഷത്തിനു ശേഷമാണ് തനിക്കും ഈ ചിത്രത്തിന്‍റെ തിരക്കഥയില്‍ അവകാശമുണ്ടെന്ന് ഉന്നയിച്ച് സുധാസ്‌ എന്ന വ്യക്തി എത്തിയതെന്ന് അണിയറക്കാര്‍ അറിയിച്ചു.

"അസിസ്റ്റന്‍റ് ഡയറക്ടറായി എത്തുകയും ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ സമയത്ത് ഡയറക്ഷന്‍ ടീമിലെ ഒരാളെന്ന നിലയില്‍ നില്‍ക്കുകയും ചെയ്ത സുധാസ് പിന്നീട് രജനികാന്തിന്‍റെ 'ദര്‍ബാര്‍' എന്ന ചിത്രത്തില്‍ സഹായിയാവാന്‍ വേണ്ടി കപ്പേളയുടെ സെറ്റില്‍ നിന്ന് പോയിരുന്നു. എന്നാല്‍ ഒരു മാസം ചിത്രത്തിന്‍റെ ഡയറക്ഷന്‍ ടീമില്‍ പ്രവര്‍ത്തിച്ചതിനാലും സ്‌ക്രിപ്റ്റ് ചര്‍ച്ചയില്‍ കൂടെയിരുന്നതിനാലും നിര്‍മ്മാതാവും സംവിധായകനും കോറൈറ്റര്‍ എന്ന സ്ഥാനത്ത് ഇദ്ദേഹത്തിന്‍റെ പേര് ടൈറ്റിലില്‍ ഉള്‍പ്പെടുത്തി. പ്രീപ്രൊഡക്ഷന്‍ സമയത്ത് ഉണ്ടായിരുന്നു എന്ന കാരണത്താല്‍ സുധാസ്‌ ഒരുമാസത്തെ പ്രതിഫലവും കൈപ്പറ്റിയിട്ടുണ്ട്‌". എന്നാല്‍ ചിത്രത്തില്‍ പേരു വച്ചതിനാല്‍ സുധാസ് ഈ സാഹചര്യം മുതലെടുക്കുകയായിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഈ വ്യക്തി ജില്ലാ കോടതിയെ‌ സമീപിക്കുകയും പിന്നീട് കോടതി താത്കാലികമായി സിനിമയുടെ റീമേക്ക് വിലക്കുകയും ചെയ്തിരുന്നു. ആ വിധിയാണ് ഇപ്പോള്‍ ഹൈക്കോടതി പിന്‍വലിച്ചത്. സ്റ്റോറി ഐഡിയ നൽകിയ വാഹിദ്, തിരക്കഥാകൃത്തും സംവിധായകനുമായ മുഹമ്മദ്‌ മുസ്തഫ, നിർമ്മാതാവ്‌ വിഷ്ണു വേണു എന്നിവര്‍  ചേർന്നാണ്‌ കോടതിയിൽ രേഖകൾ സമർപ്പിച്ചത്‌.

നടന്‍ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്‍ത കപ്പേള തീയേറ്ററുകളിലെത്തിയത് 2020 മാര്‍ച്ച് 6ന് ആയിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ വൈകാതെ തീയേറ്ററുകള്‍ അടച്ചതിനാല്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല ചിത്രം. എന്നാല്‍ ജൂണ്‍ 22ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സില്‍ ചിത്രം എത്തിയതോടെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‍കാരങ്ങള്‍ നേടുകയും ചെയ്‍തിരുന്നു. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‍കാരത്തിന് അന്ന ബെന്നിനെ അര്‍ഹയാക്കിയത് കപ്പേളയിലെ പ്രകടനമാണ്. ഒപ്പം മുസ്‍തഫയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള പുരസ്‍കാരവും ലഭിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios