Hindutva hate Campain against Bharathanatyam 2 mohniyattam movie. ഭരതനാട്യം 2: മോഹനിയാട്ടം ഹിന്ദുവിരുദ്ധമാണെന്ന് ആരോപിച്ച് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളാണ് പ്രചാരണത്തിന് പിന്നിൽ. ചിത്രം നിരോധിക്കണമെന്നും നെറ്റ്ഫ്ലിക്സിനെയും മലയാള സിനിമയെയും ബഹിഷ്കരിക്കണമെന്നും ഇവർ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നു.
സൈജു കുറുപ്പ് നായകനായി എത്തി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത 'ഭരതനാട്യം 2: മോഹനിയാട്ടം' എന്ന ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം. ഹിന്ദുയിസത്തെ അപാമാനിക്കുന്ന ഭരതനാട്യം 2: മോഹനിയാട്ടം എന്ന ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തീവ്ര വലതുപക്ഷ എക്സ് ഹാന്റിലുകൾ ചിത്രത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത്. ഹിന്ദുവിരുദ്ധ ഉള്ളടക്കങ്ങൾ ആവർത്തിച്ച് അവതരിപ്പിക്കുന്ന നെറ്റ്ഫ്ലിക്സിനെയും നിരോധിക്കണമെന്നും ഇതോടൊപ്പം, അത്തരം ചിത്രങ്ങൾ നിർമ്മിക്കുന്നത് തുടരുന്ന മുഴുവൻ മലയാള സിനിമാ വ്യവസായത്തെയും ബഹിഷ്കരിക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യുകയാണ് വലതുപക്ഷ ഹാന്റിലുകൾ.

മലയാള സിനിമകളിലും മറ്റ് പല ഇന്ത്യൻ സിനിമകളിലും ഹിന്ദുക്കളെ വില്ലന്മാരായും, അന്ധവിശ്വാസികളായും, സ്വാർത്ഥരായും, പിന്നോക്കക്കാരായും ചിത്രീകരിക്കുന്നത് എന്തുകൊണ്ടാണെന്നും മറ്റ് മതങ്ങളെ പുരോഗമനപരവും കുലീനവുമായി കാണിക്കുമ്പോൾ, ഹിന്ദു ക്ഷേത്രങ്ങളെയും ബ്രാഹ്മണരെയും ആചാരങ്ങളെയും വിശ്വാസങ്ങളെയും നിരന്തരം പരിഹസിക്കുന്നത് എന്തുകൊണ്ടാണെന്നും പോസ്റ്റിൽ ചോദിക്കുന്നു. നിരവധി പേരാണ് സനാതൻ കന്നഡ എന്ന പേജിൽ വന്ന പോസ്റ്റിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. അതേസമയം സിനിമയുടെ അണിയറപ്രവർത്തകരോ നെറ്റ്ഫ്ലിക്സ് അധികൃതരോ ഇതുമായി ബന്ധപ്പെട്ട് പ്രതികരണം ഒന്നും തന്നെ നടത്തിയിട്ടില്ല.
അതേസമയം സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി ഒരുക്കിയ ചിത്രം 'ഭരതനാട്യം 2: മോഹനിയാട്ടം' തിയേറ്ററിലെ മികച്ച വിജയത്തിന് ശേഷം ഒടിടിയിലും ഗംഭീര പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗമായ ഭരതനാട്യത്തിന് ശേഷം രണ്ടാം ഭാഗവുമായെത്തുമ്പോൾ പ്രേക്ഷകർ വലിയ രീതിയിലാണ് ചിത്രടാതെ ആഘോഷിച്ചത്. ആദ്യ ഭാഗത്തിന് തിയേറ്ററിൽ വലിയ രീതിയിൽ സാമ്പത്തിക വിജയമുണ്ടാക്കാൻ സാധിച്ചിരുന്നില്ലെങ്കിലും ഒടിടിയിൽ വലിയ രീതിയിലുള്ള പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ച ഭരതനാട്യം 2 മോഹനിയാട്ടം കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ടാണ് ഏറ്റവും കൂടുതൽ പ്രശംസിക്കപ്പെടുന്നത്.
തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടെയ്ന്‍മെന്‍റ്സിന്‍റെയും ബാനറുകളില്‍ ചിത്രം നിർമ്മിച്ചത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, നിസ്‌താർ സേട്ട്, ശ്രീരേഖ, അന്തരിച്ച നടൻ സന്തോഷ് ഗുരുവായൂർ എന്നിവാരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.


