മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷമായ വാക്കുകളുമായി സംവിധായകന്‍ അനുരാഗ് കാശ്യപ്. ദില്ലിയില്‍ ബിജെപി റാലിക്കിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ മുദ്രവാക്യം വിളിച്ച യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കവേയാണ് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബോളിവുഡ് സംവിധായകന്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. അമിത് ഷായെ മൃഗം എന്ന് വിശേഷിപ്പിക്കുന്ന അനുരാഗിന്‍റെ ട്വീറ്റിന് താഴെ വലിയ പ്രതിഷേധമാണ് ബിജെപി അനുഭാവികള്‍ ഉയര്‍ത്തുന്നത്.

നമ്മുടെ ആഭ്യന്തരമന്ത്രി എത്ര വലിയ ഭീരുമാണ്. അയാളുടെ പൊലീസ്, അയാളുടെ വാടക ഗുണ്ടകള്‍, അയാളുടെ സ്വന്തം സൈന്യം, എന്നിട്ടും സുരക്ഷ വര്‍ധിപ്പിക്കുന്നത് നിരായുധരായ പ്രതിഷേധക്കാരെ ആക്രമിച്ചുകൊണ്ടാണ്. അപര്‍ഷബോധത്തിന്‍റെയും നിലവാരമില്ലായ്മയുടെയും പരിധി അമിത് ഷാ ലംഘിച്ചു. ചരിത്രം ഈ മൃഗത്തിന്‍റെ മുഖത്ത് തുപ്പും - അനുരാഗ് കാശ്യപിന്‍റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

Read More: 'അവര്‍ ഭയത്തില്‍ നിന്ന് പുറത്തുവന്നുതുടങ്ങി'; ദീപികയെ പ്രശംസിച്ച് അനുരാഗ് കശ്യപ്

നേരത്തെ തന്നെ പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാറിനെ കടന്നാക്രമിക്കുന്ന ട്വീറ്റുകളും പ്രത്യക്ഷ പ്രക്ഷോഭവുമായി അനുരാഗ് കാശ്യപ് രംഗത്തുണ്ട്. കടുത്ത ബിജെപി വിമര്‍ശകനായി അറിയിപ്പെടുന്ന ബോളിവുഡ് സംവിധായകനാണ് അനുരാഗ് കാശ്യപ്.

പ്രധാനമന്ത്രി അച്ഛന്‍റെ ജനന സര്‍ട്ടിഫിക്കറ്റ് പൊതുജനത്തെ കാണിയ്ക്കണം: അനുരാഗ് കശ്യപ്