അഗതാ ക്രിസ്റ്റിയുടെ നോവല്‍  'ഡെത്ത് ഓണ്‍ ദ നെയില്‍' ആസ്‍പദമാക്കിയുള്ള ചിത്രത്തില്‍ ഇന്ത്യൻ താരം അലി ഫസലും അഭിനയിക്കുന്നു.

അഗതാ ക്രിസ്റ്റിയുടെ നോവലായ 'ഡെത്ത് ഓണ്‍ ദ നെയില്‍' (Death On The Nile Trailer) ആസ്‍പദമാക്കി ഒരു ഹോളിവുഡ് മിസ്റ്റര്‍ ത്രില്ലറി വരികയാണ്. കെന്നെത്ത് ബ്രനാഗാണ് ഹോളിവുഡ് ചിത്രത്തിന്റെ സംവിധായകൻ. മൈക്കിള്‍ ഗ്രീനാണ് സസ്‍പെൻസ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മിസ്റ്ററി ത്രില്ലര്‍ ചിത്രം 'ഡെത്ത് ഓണ്‍ ദ നെയി'ലിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഇന്ത്യയുടെ അലി ഫസല്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. സംവിധായകൻ കെന്നെത്ത് ബ്രനാഗ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായിട്ടുണ്ട്. ഒരു കപ്പലില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ വരുന്നത്. കപ്പലില്‍ നടക്കുന്ന ഒരു മരണത്തിന്റെ ഉത്തരം തേടുന്നതാണ് ഡെത്ത് ഓണ്‍ ദ നെയിലിന്റെ പ്രമേയം. യാത്രാ കപ്പലില്‍ ഉള്ള എല്ലാവരും സംശയത്തിന്റെ നിഴലിലാണ്. അത്യന്തികം സസ്‍പെൻസ് നിറച്ചാണ് ചിത്രം എത്തുന്നത്. കൊലപാതകി ആരാണെന്ന അന്വേഷണമാണ് ചിത്രത്തെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.

സംവിധായകൻ കെന്നെത്ത് ബ്രനാഗ് ചിത്രത്തിന്റെ നിര്‍മാണത്തിലും പങ്കാളിയാകുന്നു. ട്വന്റിത് സെഞ്ച്വറി സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണം. പാട്രിക് ഡോയ്‍ല്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഇംഗ്ലണ്ടിലെ ലോംഗ്‍ക്രോസ് സ്റ്റുഡിയോയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.

അലി ഫസല്‍ ഇംഗ്ലീഷ് ചിത്രമായ 'ദ അദര്‍ എൻഡ് ഓഫ് ദ ലൈനി'ലൂടെയായിരുന്നു ആദ്യം വെള്ളിത്തിരയിലെത്തിയത്. അമേരിക്കൻ ടെലിവിഷൻ മിനി- സീരിസായ 'ബോളിവുഡ് ഹീറോ'യിലും വേഷമിട്ടിട്ടുണ്ട്. 'ത്രീ ഇഡിയറ്റ്സ്' എന്ന ചിത്രത്തിലൂടെയായിരുന്നു ഹിന്ദിയില്‍ അരങ്ങേറ്റം. 'ഖമൊശിയാൻ' എന്ന ഹൊറര്‍ ചിത്രത്തില്‍ നായകനായും അലി ഫസല്‍ അഭിനയിച്ചിട്ടുണ്ട്.