'ഇനി എത്ര സാക്ഷ്യങ്ങൾ വേണ്ടിവരും സർക്കാരിന് നടപടിയെടുക്കാൻ?' രാധികയുടെ വെളിപ്പെടുത്തലിനെ കുറിച്ച് ദീദി ദാമോദരൻ
ഈ സാക്ഷ്യങ്ങളൊക്കെ സർക്കാരിന്‍റെ കയ്യിൽ നാലര വർഷം മുൻപ് കിട്ടിയിട്ടും കമ്മിറ്റി റിപ്പോർട്ടിന്മേൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇനി എത്ര സാക്ഷ്യങ്ങൾ വേണ്ടി വരും ഉണർന്നു പ്രവർത്തിക്കാനെന്ന് ദീദി ദാമോദരൻ
തിരുവനന്തപുരം: ഇനി എത്ര സാക്ഷ്യങ്ങൾ വേണ്ടിവരും സർക്കാരിന് നടപടിയെടുക്കാനെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരൻ. കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്ന നടി രാധിക ശരത്കുമാറിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ദീദി.
"സീനിയറായിട്ടുള്ള നടിയാണ് ഇത്രയും കാര്യങ്ങൾ പറഞ്ഞത്. ഈ സാക്ഷ്യങ്ങളൊക്കെ സർക്കാരിന്‍റെ കയ്യിൽ നാലര വർഷം മുൻപ് കിട്ടിയിട്ടും കമ്മിറ്റി റിപ്പോർട്ടിന്മേൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇനി എത്ര സാക്ഷ്യങ്ങൾ വേണ്ടി വരും ഉണർന്നു പ്രവർത്തിക്കാൻ? റിപ്പോർട്ട് പുറത്തുവരാൻ ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടി. എന്നിട്ടും കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നില്ല. കാരവനുകളിൽ ഇപ്പോഴും റെക്കോർഡിംഗ് നടക്കുന്നുണ്ടാവുമെന്ന സാമാന്യ ബോധമെങ്കിലും വേണം. എത്രയും പെട്ടെന്ന് കർശന നടപടിയെടുക്കണം"- ദീദി ദാമോദരൻ ആവശ്യപ്പെട്ടു.
കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധിക ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തിയത്. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക പറഞ്ഞു.
കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര്‍ സൂക്ഷിക്കുന്നു. ഓരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ട്. സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടു എന്നാണ് രാധികയുടെ വെളിപ്പെടുത്തല്‍. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിച്ചില്ലെന്നും രാധിക പറഞ്ഞു.
കാരവാനിൽ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിക്കുന്നുവെന്ന നടി രാധിക ശരത്കുമാറിന്‍റെ വെളിപ്പെടുത്തൽ ഞെട്ടിച്ചെന്ന് കെ കെ രമ എംഎൽഎ പറഞ്ഞു. കാരവാൻ സൗകര്യങ്ങൾ ഉണ്ടെങ്കിൽ സുരക്ഷിതരാണ് എന്നല്ലേ നടിമാർ കരുതിയിരുന്നത്? എന്തൊരു ക്രൂരമാണീ സിനിമാ ലോകമെന്നും കെ കെ രമ ചോദിക്കുന്നു.
'കാരവാനിൽ ഒളിക്യാമറ'; മലയാള സിനിമാ സെറ്റിലെ ഞെട്ടിക്കുന്ന ദുരനുഭവത്തെ കുറിച്ച് നടി രാധിക ശരത്കുമാർ