തിയറ്റര്‍ റിലീസിന്‍റെ 25-ാം ദിനത്തില്‍ ഒടിടി റിലീസ്
പ്രണവ് മോഹന്‍ലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്‍ത ഹൃദയത്തിന്‍റെ (Hridayam) ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 18നാണ് പ്രീമിയര്‍. ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. തിയറ്ററുകളിലെത്തിയതിന്‍റെ 25-ാം ദിനത്തിലാണ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. പൃഥ്വിരാജിന്‍റെ മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിക്കു ശേഷം ഡിസ്‍നി പ്ലസില്‍ എത്തുന്ന മലയാള ചിത്രമാണിത്. എന്നാല്‍ ബ്രോ ഡാഡി ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു.
ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യത്തിന്‍റെ തീരുമാനം. മികച്ച ഇനിഷ്യലും മൗത്ത് പബ്ലിസിറ്റിയും ലഭിച്ച ചിത്രത്തിന് കൊവിഡ് പശ്ചാത്തലത്തില്‍ ചില ജില്ലകളില്‍ തിയറ്ററുകള്‍ അടയ്യത് വെല്ലുവിളി സൃഷ്‍ടിച്ചിരുന്നു. എന്നാല്‍ സി കാറ്റഗറിയില്‍ നിന്ന് എല്ലാ ജില്ലകളും ഒഴിവായതോടെ എല്ലാ റിലീസിംഗ് സെന്‍ററുകളിലേക്കും ചിത്രം തിരിച്ചെത്തിയിരുന്നു.
അരുണ്‍ നീലകണ്ഠന്‍ എന്ന കഥാപാത്രമായി പ്രണവ് കൈയടി നേടിയ ചിത്രത്തില്‍ രണ്ട് നായികമാരാണ് ഉള്ളത്. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും. ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീതം പകര്‍ന്ന 15 ഗാനങ്ങളും ചിത്രത്തിന്‍റെ ഹൈലൈറ്റ് ആണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ഓഡിയോ കാസെറ്റുകളും നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചിരുന്നു.
