സത്യൻ അന്തിക്കാട് ആണ് സംവിധാനം.

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഹൃദയപൂർവത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഓ​ഗസ്റ്റ് 28ന് തിയറ്ററുകളിലെത്തും. ഓണം റിലീസായാണ് ഹൃദയപൂർവം തിയറ്ററിലെത്തുന്നത്. സത്യൻ അന്തിക്കാട് ആണ് സംവിധാനം. തുടരുമിന് ശേഷം മോഹൻലാലും സം​ഗീത് പ്രതാപും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇരുവരും ഒന്നിച്ചുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

ആന്‍റണി പെരുമ്പാവൂരിന്‍റെ നേതൃത്വത്തിലുള്ള ആശീര്‍വാദ് സിനിമാസ് ആണ് ഹൃദയപൂര്‍വം നിര്‍മിക്കുന്നത്. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക. പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്‍റേതെന്നാണ് പുറത്തുവരുന്ന വിവരം. സന്ദീപ് ബാലകൃഷ്‍ണൻ എന്നാണ് മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ പേര്. 

എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്- സത്യന്‍ അന്തിക്കാട് കോമ്പോയിലെത്തുന്ന സിനിമ കൂടിയാണ് ഹൃദയപൂര്‍വം. ഒന്‍പത് വര്‍ഷത്തിന് ശേഷം ഈ ഹിറ്റ് കോമ്പോ ഒന്നിക്കുമ്പോള്‍ വരുന്നത് ഒരു ഫൺ മോഡ് സിനിമയാണ്. നടി സംഗീതയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സോനു ടിപി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അനു മൂത്തേടത്താണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

അതേസമയം, തുടരും ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തില്‍ ഷണ്‍മുഖന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ നായികയായത് ശോഭന ആയിരുന്നു. കേരളത്തില്‍ മാത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയ ആദ്യ സിനിമ കൂടിയാണ് തുടരും. ആഗോളതലത്തിലും മിന്നും പ്രകടനം തുടരും കാഴ്ചവച്ചിരുന്നു. 

കണ്ണപ്പയായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ച് റിലീസ് ചെയ്ത മറ്റൊരു ചിത്രം. വിഷ്ണു മഞ്ചു നായകനായി എത്തിയ ഈ തെലുങ്ക് ചിത്രത്തില്‍ അതിഥി വേഷത്തിലായിരുന്നു മോഹന്‍ലാല്‍ എത്തിയത്. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്