ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏറെ ഹിറ്റ് ആയ ക്രാഷ് കോഴ്സ് സീരിസിലെ മുഖ്യ വേഷത്തിലെത്തിയ നടന്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഹേയ് സിനാമികയിലൂടെയായിരുന്നു കൊറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്ററുടെ സംവിധായികയായുള്ള അരങ്ങേറ്റം. റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം ഈ വര്‍ഷം മാര്‍ച്ചിലാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിലെ അഭിനേതാക്കളെ അവതരിപ്പിക്കുന്ന ചടങ്ങ് ചെന്നൈ സത്യം തിയറ്ററില്‍ നടന്നു. കുമരി മാവട്ടം ​ത​ഗ്സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മുഴുനീള ആക്ഷന്‍ ചിത്രത്തില്‍ നായകനാവുന്നത് ഹൃദു ഹറൂണ്‍ ആണ്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏറെ ഹിറ്റ് ആയ ക്രാഷ് കോഴ്സ് സീരിസിലെ മുഖ്യ വേഷത്തിലെത്തിയ ഹൃദു സന്തോഷ് ശിവൻ സംവിധാനം ചെയ്ത മുംബൈക്കറിലെ കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്. സംവിധായകരായ കെ ഭാഗ്യരാജ്, ഗൗതം മേനോൻ ചലച്ചിത്ര താരങ്ങളായ പാർഥിപന്‍, ദേസിങ്, ഖുശ്‌ബു, പൂർണിമ ഭാഗ്യരാജ്, കലാ മാസ്റ്റർ, രവി അരശ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിൽ ആശംസകളുമായി എത്തിച്ചേർന്നിരുന്നു. 

ALSO READ : റിലീസ് ദിനത്തെ മറികടന്ന് രണ്ടാംദിനം; ബോക്സ് ഓഫീസില്‍ കൊടുങ്കാറ്റായി 'ബ്രഹ്‍മാസ്ത്ര'

സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. പ്രിയേഷ് ഗുരുസ്വാമിയാണ് ഛായാഗ്രഹണം. എഡിറ്റിം​ഗ് പ്രവീണ്‍ ആന്‍റണി, പ്രൊഡക്ഷന്‍ ഡിസൈനിം​ഗ് ജോസഫ് നെല്ലിക്കൽ, പ്രൊജക്റ്റ് കോഡിനേറ്റർ എം കറുപ്പയ്യ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ യുവരാജ്. സിംഹാ, ആർ കെ സുരേഷ്, മുനിഷ് കാന്ത്, അനശ്വരാ രാജൻ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ വിക്രം, ആർ ആർ ആർ, ഡോൺ എന്നിവയുടെ കേരളത്തിലെ വിതരണക്കാരായ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴിന് പുറമെ ഹിന്ദി, തെലുങ്, കന്നഡ ഭാഷകളിൽ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും. പി ആർ ഒ പ്രതീഷ് ശേഖർ.