സൗന്ദര്യംകൊണ്ടും സ്റ്റൈലുകൊണ്ടും ബോളിവുഡിലെ തന്‍റെ കസേര എന്നേ ഉറപ്പിച്ച നടനാണ് ഹൃത്വിക് റോഷന്‍. താരത്തിന്‍റെ ഡാന്‍സ് കണ്ട് കൊതിക്കാത്തവരുണ്ടാകില്ല,  എന്നാല്‍ ഡാന്‍സില്‍ തന്നെ അത്ഭുതപ്പെടുത്തിയ രണ്ട് താരങ്ങളെ വെളിപ്പെടുത്തിയിരിക്കുകയാണ്  ഹൃത്വിക്ക് ഇപ്പോള്‍. തെന്നിന്ത്യന്‍ താരങ്ങളായ അല്ലു അര്‍ജുന്‍റെയും വിജയ്‍യുടെയും ഡാന്‍സിനെക്കുറിച്ചാണ് താരം പറയുന്നത്. 

അല്ലു അര്‍ജുന്‍റെ ഡാന്‍സിനെക്കുറിച്ച് ചോദിക്കുമ്പോള്‍ 'ഓ മൈ ഗോഡ്' എന്ന് പറഞ്ഞാണ് ഹൃത്വിക് തുടങ്ങുന്നത്. '' എനര്‍ജെറ്റിക്, സ്ട്രോങ്ങ്, ഇന്‍സ്പൈറിംഗ്.. '' എന്നാണ് മറുപടി. വിജയ്‍യുടെ ഡാനിസിനെക്കുറിച്ചുള്ള ചോദ്യത്തിനാകട്ടേ, വളരെ എനര്‍ജിയോടെയാണ് ചുവടുവയ്ക്കുന്നതെന്നും ഡാന്‍സിന് മുമ്പ് അവര്‍ എന്താണ് കഴിക്കുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നുമായിരുന്നു ഹൃത്വിക്കിന്‍റെ മറുപടി. 

ടോളിവുഡിലെ ഗംഭീര ഡാന്‍സര്‍ എന്ന പദവി തെലുങ്കു നടന്‍ അല്ലു അര്‍ജുന്‍ എന്നേ സ്വന്തമാക്കി കഴിഞ്ഞു. വിജയ് ആകട്ടെ തന്‍റെ അഭിനയംകൊണ്ടും നൃത്തച്ചുവടുകള്‍കൊണ്ടും തെന്നിന്ത്യയില്‍ വലിയ ആരാധക കൂട്ടത്തെത്തന്നെ സൃഷ്ടിച്ചിട്ടുണ്ട്. വാര്‍ എന്ന ചിത്രമാണ് ഒടുവിലായി പുറത്തിറങ്ങിയ ഹൃത്വിക് ചിത്രം. ടൈഗര്‍ ഷെറോഫിനൊപ്പമുള്ള ഡാന്‍സുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ക്രിഷ് 4 ആണ് അടുത്തതായി ഹൃത്വിക്കിന്‍റേതായി പുറത്തിറങ്ങാനുള്ള ചിത്രം.