കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഏറെ സെലക്ടീവ് ആണ് ഹൃത്വിക് റോഷന്‍. കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലായി പത്ത് സിനിമകള്‍ മാത്രമാണ് അദ്ദേഹത്തിന്‍റേതായി പുറത്തെത്തിയത്. അന്തര്‍ദേശീയമായി കൂടുതല്‍ ശ്രദ്ധ ലഭിക്കാന്‍ ഹോളിവുഡിലേക്ക് ഹൃത്വിക് അവസരത്തിന് ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അമേരിക്കന്‍ ടാലന്‍റ് മാനേജ്മെന്‍റ് കമ്പനിയായ ഗെര്‍ഷ് ഏജന്‍സിയുമായി എട്ട് മാസം മുന്‍പ് അദ്ദേഹം കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്‍റെ ഹോളിവുഡ് ലോഞ്ചിംഗ് പ്രോജക്ടിലേക്ക് ഹൃത്വിക് അടുക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഒരു മള്‍ട്ടി മില്യണ്‍ ഡോളര്‍ പ്രോജക്ടിലെ, നായകനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമാണ് ഇതെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഇതിനുവേണ്ടിയുള്ള ഓഡിഷന്‍ ടേപ്പ് അദ്ദേഹം രണ്ടാഴ്ച മുന്‍പ് അയച്ചുകൊടുത്തതായി മിഡ് ഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോളിവുഡിലെ ഒരു പ്രമുഖ നിര്‍മ്മാണക്കമ്പനി പണംമുടക്കുന്ന പ്രോജക്ടിന്‍റെ സംവിധായകന്‍ ആരെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനിയും പുറത്തെത്തിയിട്ടില്ല.

മറ്റു സിനിമാമേഖലകളിലെ അറിയപ്പെടുന്ന താരങ്ങള്‍ക്കും തങ്ങളുടെ സിനിമകളിലേക്ക് ആദ്യമെത്തുമ്പോള്‍ ഹോളിവുഡ് സ്റ്റുഡിയോകള്‍ ഓഡിഷന്‍ നടത്താറുണ്ട്. ലോസ് ഏഞ്ചലസില്‍ നേരിട്ടെത്തി നടത്തേണ്ടിയിരുന്ന ഓഡിഷന്‍ കൊവിഡ് പശ്ചാത്തലത്തിലാണ് ടേപ്പ് വഴിയാക്കിയത്. അതേസമയം ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ശൈശവദശയിലാണെന്നും എന്നാല്‍ എല്ലാം വിചാരിക്കുന്നതുപോലെ പുരോഗമിച്ചാല്‍ ക്രിഷ് 4ന്‍റെ ചിത്രീകരണത്തിനു ശേഷം ഹൃത്വിക് ഹോളിവുഡ് ചിത്രം ആരംഭിക്കുമെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം വാര്‍ത്ത തള്ളിക്കളയുകയാണ് ഹൃത്വിക്കിന്‍റെ വക്താവ്. തങ്ങള്‍ക്ക് ഇതേക്കുറിച്ച് അറിവില്ലെന്നാണ് അവരുടെ പ്രതികരണം. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത 'വാര്‍' ആണ് ഹൃത്വിക്കിന്‍റേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ടൈഗര്‍ ഷ്രോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.