Asianet News MalayalamAsianet News Malayalam

എസ്‍പിബി ഇനി പാട്ടോര്‍മ്മ; പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാമേഖലയില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും നൂറുകണക്കിന് ആരാധകരുമാണ് റെഡ് ഹില്‍സില്‍ എത്തിയത്. ഇന്നലെ കോടമ്പാക്കത്തെ വീട്ടില്‍ മൃദേഹം പൊതുദര്‍ശനത്തിന് വച്ച സമയത്തും ആരാധകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.

hundreds of fans thronged to red hills where sp balasubrahmanyams body cremated
Author
Thiruvananthapuram, First Published Sep 26, 2020, 12:24 PM IST

ചെന്നൈ: എസ്‍പിബി എന്ന് സംഗീതപ്രേമികള്‍ സ്നേഹപൂര്‍വ്വം സംബോധന ചെയ്‍ത ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം ഇനി ഒരു പാട്ടോര്‍മ്മ. മഹാഗായകന്‍റെ സംസ്കാര ചടങ്ങുകള്‍ ചെന്നൈ നഗരപ്രാന്തത്തിലുള്ള താമരൈപക്കത്തെ അദ്ദേഹത്തിന്‍റെ ഫാം ഹൗസില്‍ നടന്നു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍. ചെന്നൈ ആംഡ് റിസര്‍വ്വ് പൊലീസില്‍ നിന്നുള്ള 26 പേരാണ് ഗണ്‍ സല്യൂട്ട് നല്‍കിയത്. കൊവിഡ് പശ്ചാത്തലത്തില്‍ പൊലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പ്രിയഗായകനെ അവസാനമായി ഒരുനോക്ക് കാണാന്‍ സിനിമാമേഖലയില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും നൂറുകണക്കിന് ആരാധകരും എത്തിയിരുന്നു. ചലച്ചിത്ര താരങ്ങളായ വിജയ്, അര്‍ജുന്‍, റഹ്മാന്‍, സംവിധായകരായ ഭാരതിരാജ, അമീര്‍ തുടങ്ങിയവരൊക്കെ എത്തിയിരുന്നു. ഇന്നലെ കോടമ്പാക്കത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച സമയത്തും ആരാധകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.

തമിഴ്‍നാട് സാംസ്കാരിക വകുപ്പ് മന്ത്രി കെ പാണ്ഡ്യരാജന്‍, ആന്ധ്ര പ്രദേശ് ജലവിഭവ മന്ത്രി പി അനില്‍കുമാര്‍ എന്നിവരെ കൂടാതെ നിരവധി രാഷ്ട്രീയ നേതാക്കളും ചടങ്ങിന് എത്തിയിരുന്നു. കേരള മുഖ്യമന്ത്രിക്കുവേണ്ടി കേരള എന്‍ആര്‍കെ ഡെവലപ്‍മെന്‍റ് ഓഫീസര്‍ അനു പി ചാക്കോ ചടങ്ങില്‍ പങ്കെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സന്നാഹങ്ങള്‍ ഒരുക്കുന്നതിനായി ചെന്നൈ സിറ്റി പൊലീസില്‍ നിന്നും തിരുവള്ളൂര്‍ ജില്ലാ പൊലീസില്‍ നിന്നുമായി ആയിരത്തിലേറെ പൊലീസുകാര്‍ സ്ഥലത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ആദരാഞ്ജലി അര്‍പ്പിക്കാന്‍ 150 പേരെ വീതമാണ് പൊലീസ് പ്രദേശത്തേക്ക് രാവിലെ മുതല്‍ കടത്തിവിട്ടിരുന്നത്. രാവിലെ 10.20 നാണ് എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ മകന്‍ എസ് പി ചരണിന്‍റെ നേതൃത്വത്തില്‍ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്.

ഓഗസ്റ്റ് അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് എസ്‍പിബിയെ ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡിനൊപ്പം ന്യൂമോണിയ കൂടി വന്നതോടെ നില വഷളായ അദ്ദേഹത്തെ ഓഗസ്റ്റ് 14ന് വെന്‍റിലേറ്ററിലേക്കും മാറ്റിയിരുന്നു. ഈ മാസം നാലിന് നടത്തിയ കൊവിഡ് പരിശോധന നെഗറ്റീവ് ആയിരുന്നുവെങ്കിലും വെന്‍റിലേറ്ററില്‍ നിന്ന് മാറ്റേണ്ട അവസ്ഥയിലേക്ക് ആരോഗ്യനില എത്തിയിരുന്നില്ല. എസ് പി ബി തിരിച്ചുവരവിന്‍റെ പാതയിലാണെന്ന തരത്തിലുള്ള പ്രതീക്ഷകള്‍ ഉണര്‍ത്തിയ രണ്ടാഴ്ചകള്‍ക്കുശേഷമാണ് വ്യാഴാഴ്ച വൈകിട്ട് ആശുപത്രിയുടെ പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തെത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യനില കൂടുതല്‍ വഷളായെന്നും പരമാവദി ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് കഴിയുന്നതെന്നുമായിരുന്നു ബുള്ളറ്റിനില്‍. സ്ഥിതി വീണ്ടും വഷളാക്കി ഇന്നലെ രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതവും സംഭവിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് മരണം.

Follow Us:
Download App:
  • android
  • ios